പട്ടാമ്പി മണ്ഡലത്തിൽ വിവിധ ഇടങ്ങളിൽ ഇലക്ട്രിക്ക് ചാർജിംഗ് സ്റ്റേഷനുകൾ ആരംഭിക്കാൻ പ്രൊപോസൽ നൽകിയാതായി മുഹമ്മദ് മുഹ്‌സിൻ എം എൽ എ അറിയിച്ചു..വിപണിയിൽ ലഭ്യമായ എല്ലാ ഇലക്ട്രിക്ക് സ്കൂട്ടറുകളും ഓട്ടോ റിക്ഷകളും ചാർജ് ചെയ്യാൻ സാധിക്കുന്ന പോൾ മോണ്ടഡ് ചാർജിംഗ് സ്റ്റേഷനുകളാണ് കെ.എസ്.ഇ.ബി യുടെ ഡിസ്ട്രിബ്യൂഷൻ പോളുകളിൽ സജ്ജമാക്കുന്നത്.
വിദഗ്ദ സമിതി പരിശോധന നടത്തി ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിനുള്ള സ്ഥലങ്ങൾ കണ്ടെത്തിയിട്ടുണ്ട്. മേലേ പട്ടാമ്പിയിൽ ബി.എസ്.എൻ.എൽ ഓഫീസിനു സമീപം , വല്ലപ്പുഴ സെന്റർ, മുതുതല സെന്റർ, നരിപറമ്പ്, മുളയങ്കാവ് സെന്റർ, കൊപ്പം സെന്റർ, കൂരാച്ചിപടി, ഓങ്ങല്ലൂർ പഞ്ചായത്ത ഗ്രൗണ്ടിനു സമീപം എന്നിവിടങ്ങളാണ് ആദ്യ ഘട്ടത്തിൽ തിരഞ്ഞെടുത്തിട്ടുള്ളത്.
വൈദ്യുത വാഹനങ്ങൾക്ക് പ്രിയമേറേ ഉണ്ടെങ്കിലും ചാർജിംഗ് സ്റ്റേഷനുകളുടെ അഭാവമാണ് പലപ്പോഴും ഇത്തരം വാഹനങ്ങൾ വാങ്ങുന്നവർക്ക് തടസ്സമായ വരാറുള്ളത്. ഇതിനു പരിഹാരം എന്ന നിലയിലാണ് സംസ്ഥാനത്തുടനീളം ഇലക്ട്രിക്ക് ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിനു സർക്കാർ നടപടികൾ സ്വീകരിച്ചു വരുന്നത്. വർദ്ധിച്ചു വരുന്ന ഇന്ധന വില സാധാരണക്കാർക്ക് താങ്ങാവുന്നതിനപ്പുറത്തേക്ക് ഉയരുന്ന സാഹചര്യത്തിൽ ചാർജിംഗ് സ്റ്റേഷനുകൾ എല്ലാ പ്രധാനപ്പെട്ട സ്ഥലങ്ങളിലും സ്ഥാപിക്കുന്നതിനാണ് സർക്കാർ ലക്ഷമിടുന്നത്. സർക്കാരിന്റെ ഈ ദിശയിൽ നടത്തി വരുന്ന പ്രവർത്തനങ്ങൾ അന്തരീക്ഷ മലിനീകരണതോത് ഏറ്റവും കുറയ്ക്കുവാൻ സാധിക്കുന്ന ഇലക്ടിക്ക് വാഹനങ്ങളുടെ വിപണിയിൽ വൻ കുതിച്ചുചാട്ടത്തിനു സഹായകരമാവുമെന്ന് എംഎൽഎ പറഞ്ഞു