എടപ്പാൾ മേൽപ്പാലത്തിന് താഴെയായി അനധികൃത പാർക്കിങ് അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് വ്യാപാരികൾ എടപ്പാളിൽ പ്രകടനം നടത്തി. വ്യാപാര സ്ഥാപനങ്ങളിലേക്കും ടൗണിലേക്കും എത്തുന്ന വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ അനുവദിച്ച സ്ഥലങ്ങളിൽ ടാക്സി സ്റ്റാൻഡ് ആക്കാനുള്ള ശ്രമം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടന്നു.
തൃശ്ശൂർ റോഡിൽ നിന്ന് ആരംഭിച്ച പ്രകടനം എടപ്പാൾ പൊന്നാനി ബ്ലോക്ക് ഓഫീസിന് മുന്നിൽ സമാപിച്ചു. തുടർന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമായി വ്യാപാര പ്രതിനിധികൾ നടത്തിയ ചർച്ചയിൽ പരിഹാരം കാണാമെന്ന ഉറപ്പിൽ പ്രതിഷേധ സമരം അവസാനിപ്പിക്കുകയായിരുന്നു. നേരത്തെ കൂടിയ യോഗങ്ങളിലോ ട്രാഫിക്ക് റഗുലേറ്ററി കമ്മിറ്റിയിലോ അനുവദിക്കാത്ത ടാക്സി സ്റ്റാൻഡ് പെട്ടെന്ന് ഉണ്ടായത് പരിശോധിക്കണമെന്നും ആവശ്യം ഉയർന്നു
പാലത്തിനടിയിൽ ടാക്സികൾ അനധികൃതമായി പാർക്ക് ചെയ്യുന്നു എന്നാരോപിച്ച് ടാക്‌സി ഡ്രൈവർമാരും വ്യാപാരികളും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു.സംഭവമറിഞ്ഞെത്തിയ ചങ്ങരംകുളം പോലീസ് നേരത്തെ തയ്യാറാക്കിയതായി പറയുന്ന മിനുഡ്സ് ബുക്ക് പ്രകാരം നാലു വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുമതി ഉള്ളതായി ചൂണ്ടിക്കാട്ടി. ഇതോടെ ടാക്സി ഡ്രൈവർമാർ ശാന്തരായി