ചാലിശ്ശേരി തട്ടുകടയില്‍ നിന്നും ഭക്ഷണം കഴിച്ച അമ്പതോളം പേർക്ക് ഭക്ഷ്യ വിഷബാധ.ചാലിശ്ശേരി സെന്ററിന് സമീപത്തെ തട്ടുകടയില്‍ നിന്നും ലഘുഭക്ഷണം കഴിച്ച ആളുകളാണ് ചികിത്സയില്‍ ഉള്ളത്. ചാലിശ്ശേരി സാമൂഹിക ആരോഗ്യ കേന്ദ്രം, കൂറ്റനാട്, പെരുമ്പിലാവ്, ചങ്ങരംകുളം എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികള്‍ എന്നിവിടങ്ങളും സ്ത്രീകളും കുട്ടികളുമടക്കമുള്ളവരെ ചികിത്സക്കായി പ്രവേശിപ്പിച്ചിട്ടുണ്ട്.
ചാലിശ്ശേരി ആറാം വാര്‍ഡില്‍ നിന്നുള്ള തൊഴിലുറപ്പ് തൊഴിലാളികള്‍ക്കും ഇത്തരത്തില്‍ ഭക്ഷ്യവിഷബാധ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തില്‍ ഭക്ഷ്യവിഷബാധക്ക് ഇടയാക്കിയതെന്ന് സംശയിക്കുന്ന തട്ടുകട ആരോഗ്യ വകുപ്പ് അധികൃതര്‍ അടച്ച് പൂട്ടാന്‍ നിര്‍ദ്ദേശം നല്‍കി്.
നിയമസഭാ സ്പീക്കറും തൃത്താല എംഎല്‍എയുമായ എം ബി രാജേഷ്, ചാലിശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ തുടങ്ങിയവര്‍ ചാലിശ്ശേരി സി എച്ച് സി യില്‍ ചികിത്സയില്‍ കഴിയുന്നവരെ സന്ദര്‍ശിച്ചു. ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന പ്രദേശത്തെ മുഴുവന്‍ തട്ടുകടകര്‍ക്കെതിരെയും പരിശോധന നടത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കന്‍ നിര്‍ദ്ദേശം നല്‍കിയതായി പ്രസിഡന്റ് സന്ധ്യ അറിയിച്ചു.
വ്യാഴാഴ്ചയാണ് ഏതാനും പേര്‍ ശാരീരികാസ്വാസ്ഥ്യങ്ങളോടെ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയെത്തിയത്. വെള്ളിയാഴ്ച കൂടുതല്‍ ആളുകള്‍ ചികിത്സ തേടിയെത്തുകയായിരുന്നു. ചാലിശ്ശേരി എസ് ഐ അനീഷ്, എഎസ്‌ഐ ഡേവിസ്, ജനമൈത്രി പോലീസ് ബീറ്റ് ഓഫീസര്‍ ശ്രീകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ആശുപത്രികളില്‍ കഴിയുന്നവരെ സന്ദര്‍ശിച്ച് വിവരശേഖരണം നടത്തി തുടര്‍ നടപടികള്‍ സ്വീകരിച്ച് വരികയാണ്.
തെരുവ് കച്ചവടമായതിനാല്‍ കൂടുതല്‍ പേര്‍ക്ക് ഭക്ഷ്യവിഷബാധ ഏറ്റിരിക്കാമെന്ന ആശങ്കയും ശക്തമാണ്. ഭക്ഷ്യ സാമ്പിളുകള്‍ ശേഖരിച്ച് ഭക്ഷ്യവിഷബാധയുടെ ഉറവിടം തേടിയുള്ള അന്വേഷണം ഊര്‍ജിതമായി പുരോഗമിക്കുകയാണ്.