ആനക്കര പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഭാരതപ്പുഴയോരത്ത് മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചു.പുഴയിലെ പുൽക്കാടുകൾ തീയിട്ടോ, മറ്റു രീതിയിലോ നശിപ്പിക്കുന്നത് കുറ്റകരമാണെന്നും ഷെഡ്യൂൾ അനിമൽ എന്ന നിലയിൽ സംരക്ഷിക്കപ്പെടേണ്ട ദേശാടനപക്ഷികളെ ഉപദ്രവിക്കുന്നത് വന്യജീവി സംരക്ഷണ നിയമപ്രകാരം ശിക്ഷാർഹമാണെന്നുമുള്ള മുന്നറിയിപ്പ് ബോർഡാണ് സോഷ്യൽ ഫോറസ്ട്രി പാലക്കാട് ഡിവിഷന്റെയും ആനക്കര പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ ഭാരതപ്പുഴയോരത്ത് സ്ഥാപിച്ചത്.
കുമ്പിടി കാറ്റാടിക്കടവിലും കാങ്കപുഴക്കടവിലുമാണ് ആദ്യ ഘട്ടത്തിൽ ബോർഡുകൾ സ്ഥാപിച്ചത്. ആനക്കര പഞ്ചായത്തിലെ മറ്റ് കടവുകളിലും ബോർഡ് സ്ഥാപിക്കും. പുഴയിലെ പുൽക്കാടുകൾക്ക് തീയിടുന്നത് വഴി ജൈവ വൈവിധ്യങ്ങളുടെ നിലനിൽപ്പിന് ഭീഷണിയാണെന്നും പുഴയിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണമെന്നും കുമ്പിടി പരിസ്ഥിതി കൂട്ടായ്മ പ്രവർത്തകർ ആനക്കര പഞ്ചായത്ത് പ്രസിഡന്റ് കെ.മുഹമ്മദിന് നിവേദനം നൽകിയിരുന്നു.
പഞ്ചായത്ത് വേഗത്തിൽ തന്നെ ഈ വിഷയത്തിൽ ഇടപെടുകയും ബോർഡുകൾ സ്ഥാപിക്കാൻ തീരുമാനിക്കുകയുമായിരുന്നു. കുമ്പിടി കാറ്റാടിക്കടവിൽ വെച്ച് നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.മുഹമ്മദ്, പഞ്ചായത്ത് അംഗങ്ങളായ പി.സി രാജു , സവിത ടീച്ചർ, പി.കെ ബാലചന്ദ്രൻ ,കെ.പി മുഹമ്മദ്, സോഷ്യൽ ഫോറസ്ട്രി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എം.ഡി. വർഗീസ്, പരിസ്ഥിതി പ്രവർത്തകൻ ലത്തീഫ് കുറ്റിപ്പുറം, കുമ്പിടി പരിസ്ഥി കൂട്ടായ്മ അംഗങ്ങളായ ഷബീർ തുറക്കൽ,ബിജു , അമീർ മാഷ് , ഷബീർ , അലിഫ് ഷാ, സിയാദ്, അതുൽ , സനോജ് കുമ്പിടി, വിപിൻ ഗോപി തുടങ്ങിയവർ പങ്കെടുത്തു.പരിസ്ഥിതി പ്രവർത്തനായ ലത്തീഫ് കുറ്റപ്പുറത്തിന്റെ നേതൃത്വത്തിൽ പുഴ സംരക്ഷണ പ്രതിജ്ഞയെടുത്തു