വേനൽ കടുത്തതോടെ തൃത്താല വെള്ളിയാങ്കല്ല് റെഗുലേറ്ററിലെ ജലസംഭരണം കാര്യക്ഷമമായി. ചൂട് ദിവസേന കൂടുമ്പോഴും തൃത്താലമുതൽ പട്ടാമ്പി പഴയകടവുവരെ നിറഞ്ഞുകിടക്കുന്ന നിള തീരദേശവാസികൾക്ക് കുളിർമയേകുകയാണ്.
പുഴയിൽനിന്ന് തണുത്ത കാറ്റ് വീശുന്നത് . തൃത്താലമുതൽ പട്ടാമ്പി നഗരസഭയുടെ കുടിവെള്ളപദ്ധതികളുടെ വൃഷ്ടിപ്രദേശത്തും വെള്ളം നിറഞ്ഞുകിടക്കുന്നുണ്ട്. തൃശ്ശൂർ, പാലക്കാട് ജില്ലകളിലെ നിരവധി പഞ്ചായത്തുകളിലേക്കും നഗരസഭകളിലേക്കും കുടിവെള്ളമെത്തിക്കുന്ന തടയണയാണ് ഭാരതപ്പുഴയുടെ തൃത്താലയിലുള്ള വെള്ളിയാങ്കല്ല് റെഗുലേറ്റർ കം ബ്രിഡ്ജ്.
തൃശ്ശൂർ ജില്ലയിലെ ചാവക്കാട്, ഗുരുവായൂർ, കുന്നംകുളം നഗരസഭകൾ, ആറോളം പഞ്ചായത്തുകൾ, ജില്ലയിൽ പട്ടാമ്പി നഗരസഭ, ആറോളം പഞ്ചായത്തുകൾ എന്നിവിടങ്ങളിലേക്കെല്ലാം കടുത്ത വേനലിലും വെള്ളമെത്തിക്കുന്നത് വെള്ളിയാങ്കല്ല് തടയണയിൽനിന്നാണ്.
ജനുവരി ആദ്യവാരംതന്നെ ഇത്തവണ വെള്ളിയാങ്കല്ല് റെഗുലേറ്ററിന്റെ ഭൂരിഭാഗം ഷട്ടറുകളും താഴ്ത്തിയിരുന്നു. ഇത് കൂടുതൽ വെള്ളം സംഭരിക്കുന്നതിന് സഹായകരമായി.
ജലസംഭരണം തുടങ്ങിയിട്ടും തടയണയിലേക്ക് സാമൂഹ്യവിരുദ്ധർ നടത്തുന്ന മാലിന്യം തള്ളലിന് യാതൊരു കുറവുമില്ലാത്ത സ്ഥിതിയാണ്. തൃത്താലയിൽ അറവുമാലിന്യമടക്കം തള്ളുന്നുണ്ട്. തീരദേശ റോഡിലും തീരത്തോട് ചേർന്ന് മാലിന്യം തള്ളുന്നുണ്ട്.
പുഞ്ചക്കൃഷിയും പച്ചക്കറിക്കൃഷിയും: മുതൽ വെള്ളിയാങ്കല്ലിലെ ജലസംഭരണം പൂർണതോതിൽ നടത്താനായിരുന്നില്ല. 2018-ലെ പ്രളയത്തിൽ തകർന്ന ഷട്ടറുകൾ അറ്റകുറ്റപ്പണി നടത്തി നേരെയാക്കിയത് മാസങ്ങൾക്കുമുമ്പുമാത്രമാണ്. വെള്ളം നിറഞ്ഞുകിടക്കാൻ തുടങ്ങിയതോടെ തീരദേശങ്ങളിൽ പുഞ്ച, പച്ചക്കറി കൃഷികളും സജീവമായിട്ടുണ്ട്. കൊടമുണ്ട പടിഞ്ഞാറെ പാടശേഖരത്തിലെ 20 ഏക്കറിൽ പുഞ്ചക്കൃഷി ആരംഭിച്ചു.
പന്ത്രണ്ടോളം കർഷകരുടെ നേതൃത്വത്തിലാണ് ഇത്തവണ പുഞ്ചക്കൃഷി. നടീൽ പഞ്ചായത്ത് പ്രസിഡന്റ് എ. ആനന്ദവല്ലി ഉദ്ഘാടനംചെയ്തു. പഞ്ചായത്തംഗം പി.എം. ഉഷ അധ്യക്ഷയായി. കൃഷി അസി. ഡയറക്ടർ ദീപ, സി.എം. നീലകണ്ഠൻ, ടി. ഗോപാലകൃഷ്ണൻ, കൃഷി ഓഫീസർ വസീം, എം. ശങ്കരൻകുട്ടി, പി. ഷൺമുഖൻ, കെ. ഗോപാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. അതിഥിത്തൊഴിലാളികളുടെ നേതൃത്വത്തിലാണ് നടീൽ നടക്കുന്നത്.