എ.സി മിലാൻ ഇന്റർനാഷണൽ ഫുട്ബോൾ അക്കാദമി പരിശീലന കേന്ദ്രം എടപ്പാളിൽ



ലോകത്തിലെ ഏറ്റവും വലിയ ഫുട്ബോൾ ക്ലബുകളിലൊന്നായ  എ.സി മിലാൻ ഇന്റർ നാഷണൽ ഫുട്ബോൾ അക്കാദമിയുടെ ഇന്ത്യയിലാദ്യത്തെ പരിശീലന കേന്ദ്രം സംസ്ഥാനത്ത് കോഴിക്കോടും മലപ്പുറത്തും എറണാകുളത്തുമായി പ്രവർത്തന സജ്ജമായതായി മുഖ്യ പരിശീലകനും എ.സി മിലാൻ  ടെക്നിക്കൽ ഡയറക്ടറുമായ ആൽബർട്ടോ ലാക്കന്റേലേ പത്രസമ്മേളനത്തിൽ അറിയിച്ചു.

മലപ്പുറത്ത് എടപ്പാൾ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിലും കോഴിക്കോട് മൂഴിക്കൽ കാലിക്കറ്റ് അരീന ഫുട്ബോൾ ടറഫിലും പരിശീലനം മാർച്ച് 15 ന് തുടങ്ങും. സംസ്ഥാനത്തെ 5 വയസ് മുതൽ 17 വയസ് വരെ പ്രായമുള്ള  കുട്ടികൾക്കാണ് പരിശീലനം നൽകുക. 2010 മുതൽ 2017 വരെ ജനിച്ച കുട്ടികൾക്കാണ് മുൻഗണന. 

പ്രശസ്തരായ ലോകോത്തര താരങ്ങളെല്ലാം ഫുട്ബോൾ അക്കാദമിയിലൂടെയാണ് കടന്ന് വന്നത്. ഫുട്ബോൾ ആരാധകർ ഏറെയുള്ള കേരളത്തിൽ പുതിയ തലമുറയ്ക്ക് ലോകോത്തര നിലവാരമുള്ള പരിശീലനമാണ് എ.സി മിലാൻ അക്കാദമിയിലൂടെ യാഥാർത്ഥ്യമാകുന്നത്.

കോച്ചുകൾ,ഫിറ്റനസ് കോച്ചുകൾ,ടെക്നിക്കൽ കോ-ഓർഡിനേറ്റർമാർ, മാച്ച് അനലിസ്റ്റുകൾ, സൈക്കോളജിസ്റ്റുകൾ, അധ്യാപകർ, ന്യൂട്രിഷനിസ്റ്റ് തുടങ്ങിയവരുടെ വിദഗ്ദ സേവനങ്ങളാൽ സജ്ജമാണ് എ.സി മിലാൻ ഫുട്ബോൾ അക്കാദമിയെന്ന് കേരളത്തിലെ പ്രൊമോട്ടറായ കാലിക്കറ്റ് സ്പോർട്സ് സിറ്റി ഭാരവാഹികൾ പറഞ്ഞു.

എ.സി മിലാൻ കോച്ചിനൊപ്പം പരിശീലനം നേടിയ ഇന്ത്യൻ ലൈസൻസഡ് കോച്ചുകൾ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകും.2023 ഓടെ കണ്ണൂർ,കാസർഗോഡ്,തൃശൂർ എന്നിവടങ്ങളിലേക്കും അക്കാദമിയുടെ പ്രവർത്തനം വ്യാപിപ്പിക്കും. പരിശീലനത്തിന് താൽപ്പര്യമുള്ളവർ acmilanKerala.com എന്ന വെബ്‌സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്. ഫോൺ: 7025005111

പത്ര സമ്മേളനത്തിൽ എ സി മിലാൻ ടെക്നിക്കൽ ഡയറക്ടർ ആൽബർട്ടോ ലാക്കന്റേലേ ,കാലിക്കറ്റ് സ്പോർട്സ് സിറ്റി ഭാരവാഹികളായ മിലൻ ബൈജു , എം അബു താഹിർ , എം പി ജസീൽ ഗഫൂർ, ഹമീദ് ശാന്തപുരം, പി പി അബ്ദുൾ നാസർ, എം പി സുഹൈൽ ഗഫൂർ എന്നിവർ പങ്കെടുത്തു.

Below Post Ad