ഐഫഷാഹിനയുടെ ധീരതക്ക് നാടിന്റെ അഭിനന്ദനപ്രവാഹം


കിണറ്റിൽ വീണ കുഞ്ഞിനെ സാഹസികമായി രക്ഷപ്പെടുത്തിയ എം.ബി.എ. വിദ്യാർഥിനി ഐഫ ഷാഹിനയുടെ ധീരതക്ക് നാടിൻറെ അഭിനന്ദനപ്രവാഹം.ഐഫ ഷാഹിനയുടെ മനോധൈര്യമാണ് ഒരു വയസ് മാത്രം പ്രായമുള്ള കുഞ്ഞിന്റെ ജീവൻ  രക്ഷിച്ചത്. 

നാഗലശ്ശേരി വാവന്നൂർ ചാലിപ്പുറത്ത്  ചാൽപ്രം മണിയാറത്ത് വീട്ടിൽ ലത്തീഫിന്റെയും ഐഷാ ഷാഹിനയുടെയും മകൻ ഒരുവയസ്സുകാരൻ മുഹമ്മദ് ഹിസാം തഹാനെയാണ് ബന്ധുകൂടിയായ വിദ്യാർഥിനി ഐഫ ഷാഹിന രക്ഷപ്പെടുത്തിയത്.

ചൊവ്വാഴ്ച രാവിലെയാണ് സംഭവം. ചെറിയ ആൾമറയുള്ള വീട്ടുകിണറിന്റെ അടുത്തിരുന്ന് കളിക്കയായിരുന്ന ഒരുവയസ്സുകാരൻ അബദ്ധത്തിൽ കിണറ്റിലേക്ക് വീഴുകയായിരുന്നു. ഇതറിഞ്ഞതോടെ കുട്ടിയുടെ അമ്മയുടെ സഹോദരിയായ ഐഫ 18 കോൽ ആഴമുള്ള കിണറിലേക്കെടുത്ത് ചാടുകയും കുട്ടിയെ രക്ഷപ്പെടുത്തുകയുമായിരുന്നു.

വീട്ടുകാരുടെ കരച്ചിൽകേട്ട് അയൽവാസികളും നാട്ടുകാരും ഓടിയെത്തി. ഈ സമയം കുഞ്ഞിനെയെടുത്ത് വെള്ളത്തിൽ നീന്തി, മറുകൈകൊണ്ട് വെള്ളത്തിൽ തുഴഞ്ഞ് നിൽക്കുകയായിരുന്നു ഐഫ. തുടർന്ന്, അയൽവാസികളായ രണ്ടുപേർ കിണറ്റിലേക്കിറങ്ങി. 

വിവരമറിഞ്ഞ്‌ ചാലിശ്ശേരി ജനമൈത്രി പോലീസും പട്ടാമ്പിയിൽനിന്നെത്തിയ ഫയർഫോഴ്‌സും സംഭവസ്ഥലത്തെത്തി കുഞ്ഞിനെയും മറ്റ് മൂന്നുപേരെയും കിണറ്റിൽനിന്ന് പുറത്തെത്തിച്ചു. തുടർന്ന്, പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്ഷാപ്രവർത്തനത്തിനിടെ ഐഫയുടെ കാലിനും പരിക്ക് പറ്റിയിട്ടുണ്ട്.

ഐഫയെ നാട്ടുകാരും ചാലിശ്ശേരി പോലീസും  അഭിനന്ദിച്ചു. കോഴിക്കോട് ഫറൂഖ് കോളേജിലെ എം.ബി.എ. വിദ്യാർഥിനിയാണ് ഐഫ ഷാഹിന.

Tags

Below Post Ad