രണ്ടു വർഷമായി പിടിവിടാതെ തുടരുന്ന കോവിഡ് മഹാമാരിയുടെ നിഴലിൽ തന്നെയാണ് പട്ടാമ്പി 108-ാം നേർച്ച കൊണ്ടാടുന്നത്. നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിക്കപ്പെട്ട സാഹചര്യത്തിൽ പൊതുവികാരം പരിഗണിച്ചാണ് വിപുലമായി ആഘോഷം നടത്താൻ കേന്ദ്ര കമ്മിറ്റി തീരുമാനമെടുത്തത്.
നൂറ്റാണ്ട് മുമ്പ് പൂർവികർ നേരിട്ട വസൂരി മഹാമാരിയുടെ ഓർമ്മകൾ കോവിഡിൻ്റെ പശ്ചാത്തലത്തിൽ സ്മരണീയമാണ്.
ഈസ്റ്റ് ഇന്ത്യ ഭരണ കാലത്ത്, ടിപ്പുവിന്റെ സൈന്യം തമ്പടിച്ചത് മരുതൂരിനു സമീപത്തുള്ള രാമഗിരി കോട്ടയിലായിരുന്നുവെന്നത് ചരിത്രം. ടിപ്പു തിരിച്ചു പോയിട്ടും കൂടെ ഉണ്ടായിരുന്ന കുറെ സൈനികരും പരിചാരകരും രാമഗിരിയുടെ താഴ്വരയായ മരുതൂരിൽ തന്നെ തങ്ങി. അവർ റാവുത്തന്മാർ എന്നറിയപ്പെട്ടു.
അവരവിടെ ജീവിതം നട്ടു നനച്ച് മുന്നേറാൻ ശ്രമിക്കവേ മഹാമാരിയായ വസൂരി പിടിച്ച് നിരവധിപേർ മരണമടഞ്ഞു. ഏറെ പേടിപ്പെടുത്തുന്ന രോഗം എന്ന നിലയിലാണ് അക്കാലത്ത് വസൂരി അറിയപ്പെട്ടിരുന്നത്. അതുകൊണ്ടു തന്നെ അവരെ സഹായിക്കാൻ ഇന്നത്തെ പോലെ ആരോഗ്യമേഖലയോ വളണ്ടിയർ സേനയോ ഇല്ലായിരുന്നു.
വസൂരി ബാധിച്ചവരുടെ വീട് തീയിടുന്നൊരു കാലത്ത്, ഭ്രഷ്ട്രായവരുടെ സഹായത്തിനു ഒരു അവധൂതൻ എത്തി. അത് ആലൂർ വലിയ പൂക്കുഞ്ഞി കോയ തങ്ങളായിരുന്നു. അദ്ദേഹത്തിന്റെ വരവോടെ റാവുത്തന്മാരുടെ ജീവിതം പൂർവ്വ സ്ഥിതി പ്രാപിച്ചു. രോഗവും ദുരിതവും വറുതിയും ഭീതിയും ഇല്ലാതായതോടെ അവരുടെ കുടുംബങ്ങൾക്ക് ആ മനുഷ്യ സ്നേഹിയോട് ആദരവും കടപ്പാടും ഉണ്ടായി.
ആലൂർ വലിയ പൂക്കുഞ്ഞി കോയ തങ്ങളുടെ വേർപ്പാടിനു ശേഷം അദ്ദേഹം അന്ത്യ വിശ്രമം കൊള്ളുന്ന പട്ടാമ്പി ജുമാമസ്ജിദ് കബർസ്ഥാനിലേക്ക് സിയാറത്ത് നടത്താൻ അവർ വന്നു കൊണ്ടിരുന്നു. പട്ടാമ്പി നേർച്ചയുടെ തുടക്കം ഇങ്ങിനെ ആയിരുന്നു എന്നാണു പഴമക്കാർ പറയുന്നത്.
ദേശ ചരിത്രവുമായി ബന്ധപ്പെട്ട ആഘോഷം എന്ന നിലയിൽ ആണ്ടു നേർച്ച പൗരാവലി ഏറ്റെടുക്കുകയായിരുന്നു. ജാതി മത ഭേദ വ്യത്യാസം കൂടാതെ എല്ലാവരും ഈ അനുഷ്ടാനവുമായി സഹകരിച്ചു. ആഘോഷ കമ്മിറ്റിയുടെ പ്രധാന ഭാരവാഹികളായി പ്രവർത്തിച്ചത് സഹോദര സമുദായത്തിൽ നിന്നുള്ളവരായിരുന്നു. വള്ളുവനാടിന്റെ സ്നേഹവും സൗഹർദവും പൂത്തുതളിർത്ത് കതിരിട്ടത് ഈ ആഘോഷത്തിനു മാറ്റ് കൂട്ടി.
നിളയുടെ തീര ഗ്രാമങ്ങൾക്ക് മറക്കാനാവാത്ത അനുഭൂതിയാണ് പട്ടാമ്പി നേർച്ച സമ്മാനിക്കുന്നത്.
ആനകളും ആളുകളും ആത്മ ബന്ധം സ്ഥാപിക്കുന്ന അപൂർവ്വ കാഴ്ചയും ഇവിടെ ദൃശ്യമാണ്. ഒരമ്മ പെറ്റ മക്കളെപോലെ ഒരു വലിയ ജന സഞ്ചയം വർഷം തോറും ഒത്തു കൂടുകയും ഉത്സവം കണ്ടു നിർവൃതിയോടെ മടങ്ങുകയും വീണ്ടും അടുത്ത വർഷത്തിനു വേണ്ടി കാത്തിരിക്കുകയും ചെയ്യുന്ന അപൂർവ്വതക്കും വള്ളുവനാടിന്റെ ദേശീയോത്സവം സാക്ഷ്യം വഹിക്കുന്നു.
മഹാമാരിയുടെ കെടുതികളിൽ നിന്ന് പൂർണ്ണമായും നാട് വിമുക്തി നേടിയിട്ടില്ല. വ്യാപാര, വാണിജ്യ മേഖല ഇനിയും ചടുലമായിട്ടില്ല. തൊഴിൽ മേഖലയിൽ നിന്ന് കരിനിഴൽ നീങ്ങിയിട്ടില്ല. കോവിഡാനന്തര ക്ലേശങ്ങളിൽ നിന്ന് പലരും മുക്തരായിട്ടില്ല.ഈ സാഹചര്യത്തിൽ പടുകൂറ്റൻ ആഘോഷങ്ങൾക്കുപരി ഉദാരമായ സാന്ത്വന പ്രവർത്തനങ്ങൾക്കാണ് കേന്ദ്ര കമ്മിറ്റി മുൻഗണന നൽകുന്നത്.
ഇതിൻ്റെ ഭാഗമായി നേർച്ച പുതിയൊരു വഴിത്തിരിവിലേക്ക് നീങ്ങുന്നതിനും പട്ടാമ്പി സാക്ഷ്യം വഹിച്ചു. വെള്ളിയാഴ്ച 4 മണിക്ക് ആലൂർ വലിയ പൂക്കുഞ്ഞി കോയ തങ്ങളുടെ ജാറത്തിൽ മൗലീദ് പാരായണവും തുടർന്ന് ആയിരങ്ങൾക്ക് അന്നദാനവും നടന്നു. ശനിയാഴ്ച വൈകുന്നേരം ഗതകാല സ്മരണയുണർത്തുന്ന തരത്തിൽ പതിര് വാണിഭവും നടന്നു.
ഇതര ദേശങ്ങളിൽ നിന്നും അയൽ സംസ്ഥാനങ്ങളിൽ നിന്നും നിരവധി പേർ നേർച്ച കാണാൻ പട്ടാമ്പിയിലേക്ക് എത്തിക്കഴിഞ്ഞു. ഇനി ബാൻറു വാദ്യഘോഷവും കരിവീരന്മാരുടെ എഴുന്നള്ളിപ്പിനും ഗജ സംഗമത്തിനും പട്ടാമ്പി ഒരിക്കൽ കൂടി സാക്ഷ്യം വഹിക്കും.
SWALE