കനത്ത ചൂടും കോവിഡ് വ്യാപന സാധ്യതയും കണക്കിലെടുത്ത് പട്ടാമ്പി ദേശീയ ഉത്സവത്തിന് ആനകളുടെ എണ്ണം കുറയ്ക്കാൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നിർദ്ദേശം
നാട്ടാന പരിപാലന ചട്ടം പ്രകാരം ജില്ലാ മോണിറ്ററിംഗ് കമ്മിറ്റി കഴിഞ്ഞ 7ന് ചേർന്ന യോഗത്തിൽ പട്ടാമ്പി ദേശീയ ഉത്സവ കേന്ദ്രകമ്മിറ്റിക്ക് 4 ആനകളെയും 42 ഉപകമ്മിറ്റികൾക്ക് 2 ആനകൾ വീതവും ചേർത്ത് ആകെ 88 ആനകളെ എഴുന്നള്ളിക്കുന്നതിന് അനുമതി നൽകിയിരുന്നു.
ജില്ലാ കലക്ടർ അധ്യക്ഷയായുള്ള കമ്മിറ്റി പിന്നീട് ചേർന്ന യോഗത്തിൽ കോവിഡ് വ്യാപന പശ്ചാത്തലത്തിൽ സ്ഥലസൗകര്യം പരിമിതമായ സ്ഥലത്ത് 88 ആനകളെ എഴുന്നള്ളിപ്പ് നടത്തുന്നത് കൂടുതൽ ജനത്തിരക്ക് ഉണ്ടാകുമെന്നും കനത്ത ചൂട് ആനകൾ ഇടയുന്നതിന് സാഹചര്യമൊരുക്കുമെന്നും ജില്ലാ പോലീസ് മേധാവി അഭിപ്രായപ്പെട്ടു.
ദേശീയ ഉത്സവത്തിന് നേരത്തെ അനുവദിച്ച ആനകളുടെ എണ്ണം പരിമിതപ്പെടുത്തണം എന്ന യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ദേശീയ ഉത്സവത്തിന് 42 ഉപ കമ്മിറ്റികൾ ഓരോ ആനകളേയും കേന്ദ്ര ആഘോഷ കമ്മിറ്റിക്ക് 3 ആനകളെയും ചേർത്ത് ആകെ 45 ആനകളെ മാത്രം എഴുന്നള്ളിക്കാൻ തീരുമാനം.
ബന്ധപ്പെട്ട പോലീസ് വനംവകുപ്പ് ഉദ്യോഗസ്ഥർ ഇക്കാര്യം ഉറപ്പുവരുത്തണമെന്നും ജില്ലാ കലക്ടറുടെ ഉത്തരവിൽ പറയുന്നുണ്ട്