ആര്‍ട്‌സ് ഡേ നടത്താത്ത അധ്യാപകരെ പൂട്ടിയിട്ട് വിദ്യാര്‍ത്ഥികള്‍


 ഇന്നേവരെ കേരളത്തിലെ കോളേജുകളില്‍ കാണാത്ത വ്യത്യസ്തമായൊരു വിഷയത്തില്‍ ബന്ധപ്പെട്ട പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പാളിനെ പൂട്ടിയിട്ടു. ചങ്ങരംകുളത്ത്  വളയംകുളം അസ്സബാഹ് കോളേജിലാണ് സംഭവം അരങ്ങേറിയത്. 

ഓരോ സെമ്മിലും 300 രൂപ വെച്ച് തങ്ങളില്‍ നിന്ന് ഈടാക്കിയിട്ടും കോളേജിലെ ആര്‍ട്‌സ് ഡേ നടത്താത്തതില്‍ പ്രതിഷേധിച്ച് അസ്സബാഹ് കോളേജിലെ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ മാനേജ്‌മെന്റിനെതിരെ രംഗത്തെത്തുകയായിരുന്നു. പ്രതിഷേധിക്കുക മാത്രമല്ല വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പാളിനെയും അധ്യാപകരെയും കോളേജിനകത്ത് പൂട്ടിയിടുകയും ചെയ്തു.

ക്യാമ്പസിലേക്ക് പ്രവേശിക്കുന്ന ഗേറ്റും പൂട്ടി. കോളേജ് അടക്കുന്ന ദിവസമായിട്ടും ആര്‍ട്‌സ് ഡേ നടത്തുന്ന കാര്യത്തില്‍ തീരുമാനമാക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു കോളേജിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ ക്യാമ്പസിലെ ഗേറ്റ് പൂട്ടിയിട്ട് പ്രതിഷേധിച്ചത്.

ആര്‍ട്‌സ് ഡേ നടത്തിപ്പിനായി സെമ്മിന് 300 രൂപ വെച്ച് ഈടാക്കിയിട്ടും പരിപാടി നടത്തുന്നില്ലെങ്കില്‍ അടച്ച രൂപ തിരിച്ചുതരണമെന്നായിരുന്നു വിദ്യാര്‍ത്ഥികളുടെ ആവശ്യം. പ്രതിഷേധം സംഘര്‍ഷത്തിലേക്ക് നീളുമെന്ന അവസ്ഥയില്‍ കോളേജില്‍ പൊലീസ് എത്തിയെങ്കിലും ആര്‍ട്‌സ് ഡെ സംബന്ധിച്ച വിഷയത്തില്‍ തീരുമാനമാകാതെ പൂട്ടിയ ഗേറ്റ് തുറക്കില്ലെന്ന വാദത്തില്‍ വിദ്യാര്‍ത്ഥികള്‍ ഉറച്ചു നിന്നു. 

തുടര്‍ന്ന് ചങ്ങരകുളം സിഐ ബഷീര്‍ ചിറക്കലിന്റെ നേതൃത്വത്തില്‍ പൊലീസെത്തി സിനിമ സ്റ്റൈലില്‍ ഗേറ്റ് ചാടിക്കടക്കുകയും പൂട്ട് തല്ലിപ്പൊളിക്കുകയുമായിരുന്നു. ഇതിനിടയിലും സമരവുമായി വിദ്യാര്‍ത്ഥികള്‍ മുന്നോട്ട് പോവുന്നത് കണ്ട പൊലീസ് മാനേജ്‌മെന്റുമായും അധ്യാപകരുമായും ചര്‍ച്ച നടത്തുകയും ശനിയാഴ്ച കോളേജ് ഡേ നടത്താനുള്ള അനുമതി വാങ്ങിനല്‍കുകയും ചെയ്തു. ഇതിന് ശേഷമാണ് വിദ്യാര്‍ത്ഥികള്‍ സമരം അവസാനിപ്പിച്ച് ക്യാമ്പസില്‍ നിന്ന് മടങ്ങിയത്.

Below Post Ad