കേരള ബ്ലാസ്‌റ്റേഴ്‌സും ഹൈദരാബാദ് എഫ്.സിയും തമ്മിലെ ഐ.എസ്.എൽ കലാശപ്പോരിലെ ആദ്യ പകുതി ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു. ഹൈദരാബാദിന്റെ ടച്ചോട് കൂടിയാണ് മത്സരത്തിന് തുടക്കമായത്. ബ്ലാസ്‌റ്റേഴ്‌സിന്റെ നിയന്ത്രണത്തിലായിരുന്നു ആദ്യ പകുതി.
പന്ത് കൈവശം വെക്കുന്നതിലും മുന്നേറ്റത്തിലുമെല്ലാം ബ്ലാസ്റ്റേഴ്‌സ് തന്നെയായിരുന്നു മുന്നിൽ. എന്നാൽ മിന്നൽ കൗണ്ടർ അറ്റാക്കുകളുമായി ഹൈദരാബാദ് കളം പിടിക്കാൻ ശ്രമിച്ചു. അതിനിടെ 39ാം മിനുറ്റിൽ ബ്ലാസ്റ്റേഴ്‌സിന്റെ മികച്ചൊരു നീക്കം ക്രോസ് ബാറിൽ തട്ടിത്തെറിച്ചു. ഗോളെന്നുറച്ച വാസ്‌ക്വസിന്റെ ഷോട്ടാണ് ക്രോസ്ബാറിൽ തട്ടിത്തെറിച്ചത്. അതേസമയം ആദ്യപകുതിയുടെ അവസാനം ഹൈദരാബാദിനും ലഭിച്ചു മികച്ചൊരു നീക്കം. ഗോൾകീപ്പറുടെ ചടുല നീക്കമാണ് ബ്ലാസ്റ്റേഴ്‌സിനെ രക്ഷിച്ചത്.
ബ്ലാസ്റ്റേഴ്സ് ലൈനപ്പ് ഇങ്ങനെ: ഐ.എസ്.എൽ ഫൈനലിൽ ഹൈദരാബാദ് എഫ്.സിയുമായി പോരിനിറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സിന്റെ ലൈനപ്പായി. മലയാളി താരം സഹൽ അബ്ദുൽ സമദ് കളിക്കുന്നില്ല. അഡ്രിയാൻ ലൂണ തന്നെയാണ് ടീമിനെ നയിക്കുന്നത്. പരിക്കിന്റെ ആശങ്കയുണ്ടായിരുന്നുവെങ്കിലും ലൂണ കളിക്കും. മറ്റൊരു മലയാളി താരം കെ.പി രാഹുലും ഇടം നേടി.
ബ്ലാസ്റ്റേഴ്സ് ടീം: പ്രഭ്സുഖന്‍ ഗില്‍, സന്ദീപ് സിങ്, ഹോര്‍മിപാം, മാര്‍ക്കോ ലെസ്‌കോവിച്ച്, ഹര്‍മന്‍ജ്യോത് ഖബ്ര, ജീക്‌സണ്‍ സിങ്, പുടിയ, അഡ്രിയന്‍ ലൂണ, യോര്‍ഗെ ഡയസ്, അല്‍വാരോ വാസ്‌ക്വസ്, രാഹുല്‍ കെ.പി
അതേസമയം കാത്തു കാത്തിരുന്നൊരു കലാശപ്പോര് ആഘോഷമാക്കാനൊരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്സും ആരാധകരും. കളിക്കു മുമ്പേ ഗോവയിലെ ഫറ്റോര്‍ഡ സ്റ്റേഡിയം മഞ്ഞയില്‍ കുളിച്ചു കഴിഞ്ഞു. മുമ്പ് രണ്ട് തവണ കലാശപ്പോരില്‍ കാലിടറിയ കൊമ്പൻമാർക്ക് ഇക്കുറി പിഴക്കില്ലെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നത്. ടീം ഫൈനലില്‍ പ്രവേശിച്ചു എന്നറിഞ്ഞതും കലാശപ്പോരിന്‍റെ ടിക്കറ്റിനായുള്ള ഓട്ടപ്പാച്ചിലിലായിരുന്നു ആരാധകര്‍.
ഇതിനോടകം തന്നെ പതിനായിരക്കണക്കിന് മഞ്ഞപ്പട അംഗങ്ങള്‍ ഗോവയിലെത്തിക്കഴിഞ്ഞു. കലാശപ്പോരില്‍ ബ്ലാസ്റ്റേഴ്സിന് മഞ്ഞ ജെഴ്സിയണിയാന്‍ കഴിയില്ലെങ്കിലും ഫറ്റോര്‍ഡ സ്റ്റേഡിയം മഞ്ഞയില്‍ കുളിച്ചാടുമെന്നുറപ്പാണ്.