പള്ളി ദർസിൽ നിന്നു വരുന്ന വിദ്യാർഥിക്ക് സഹപാഠിയുടെ അമ്മ ഉച്ചഭക്ഷണം കൊടുത്തുവിടുന്ന നന്മയെ കുറിച്ച് ഇക്കഴിഞ്ഞ ദിവസമാണ് ബഷീർ മിസ്ഹബ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ എഴുതിയത്. അത് വായിച്ച പലരും ഇത്,അവിശ്വസനീയ കഥയെന്ന് കുറിച്ചു. ഇതോടെ, ബഷീർ വീണ്ടും കുറിപ്പെഴുതി. ആ മനുഷ്യസ്നേഹ കഥയുടെ തുടർച്ച. എഫ് ബി.പോസ്റ്റിന്റെ ആദ്യഭാഗം ഇങ്ങനെ:
പള്ളി ദർസിലുള്ളൊരു വിദ്യാർഥി സ്കൂളിൽ പ്ലസ് റ്റു പഠിക്കാൻ വരുന്നുണ്ട്.എല്ലാ കുട്ടികളും ഉച്ചഭക്ഷണം കൊണ്ടുവരാറാണു. അവനു പക്ഷെ പള്ളിയിൽ നിൽക്കുന്നതിനാൽ ഉച്ചഭക്ഷണം കൊണ്ടുവരാനാവില്ല. ഇന്നാണറിഞ്ഞത് ദിവസങ്ങളായി അവനുള്ള ഭക്ഷണം തന്റെ ഭക്ഷണത്തിന്റെ കൂടെ കൊണ്ടുവരുന്നത് ക്ലാസിലെ ഒരു പെൺകുട്ടിയാണെന്ന്! ഇന്ന് അത് അറിയാനിടയായതെങ്ങനെയെന്നോ? അവൾ കുറച്ചു ദിവസം ലീവായതിനാൽ ഇന്ന് അവളുടെ അമ്മ നേരിട്ടാണു അവനു ഭക്ഷണവുമായി എത്തിയത്!
തന്റെ മകളുടെ ക്ലാസിൽ പള്ളിയിൽനിന്നു വരുന്നൊരു കുട്ടിയുണ്ടെന്നും, അവനു ഉച്ചഭക്ഷണമില്ലെന്നും കേട്ടമാത്രയിൽ സ്വന്തം മകൾക്കൊപ്പം അവനുകൂടി രാവിലെ ഉച്ചഭക്ഷണം പാകംചെയ്തു കൊടുത്തയക്കാൻ തോന്നിയ ആ അമ്മയുടെ മനസ്സിന്റെ വലിപ്പമോർത്ത് ശരിക്കും കണ്ണുനിറഞ്ഞു. ഏതൊരു ഇന്ത്യയിലാണു ഇത്തരം അത്ഭുത മനുഷ്യർ ഇപ്പോഴും അവശേഷിക്കുന്നത് എന്നോർക്കുക!
ഞാൻ അവരെ വിളിച്ച് ഹൃദയപൂർവ്വം അഭിനന്ദിച്ചു! അല്ലാതെന്തു ചെയ്യാൻ? മകളെക്കുറിച്ച് വലിയ പ്രതീക്ഷയാണു ആ അമ്മയ്ക്ക്. ഇത്രമാത്രം സന്മനസ്കയായ ആ അമ്മയുടെ, മക്കളെക്കുറിച്ചുള്ള സ്വപ്നങ്ങൾ ദൈവം സാക്ഷാൽക്കരിക്കട്ടെ എന്നു നമുക്കു പ്രാർത്ഥിക്കാം''...
ബഷീർ മിസ്ഹബ്