കനത്ത വേനൽച്ചൂടിൽ നീരൊഴുക്ക് നിലച്ചതോടെ വെള്ളിയാങ്കല്ല് തടയണയിലെ ജലനിരപ്പ് താഴ്ന്നുതുടങ്ങി. പരമാവധി മൂന്നരമീറ്റർ സംഭരണശേഷിയുള്ള തടയണയിൽ നിലവിലെ ജലനിരപ്പ് രണ്ടുമീറ്ററാണ്. ഒരുമാസത്തിനിടെ ഒരുമീറ്ററിനടുത്താണ് ജലനിരപ്പ് കുറഞ്ഞത്. തടയണയിൽനിന്നുള്ള കുടിവെള്ള വിതരണത്തെപ്പോലും ആശങ്കയിലാഴ്ത്തിയാണ് പുഴ വറ്റുന്നത്.
വെള്ളം കുറഞ്ഞതോടെ ജലസംഭരണിക്കകത്തെ മണൽത്തിട്ടകളും പുറത്തുകണ്ടുതുടങ്ങി. വേനൽച്ചൂടേറുന്നതോടെ വരുംദിവസങ്ങളിൽ പുഴ കൂടുതൽ വറ്റിവരളും. ഈ സാഹചര്യം കണക്കിലെടുത്ത് ജലവിഭവവകുപ്പ് ചമ്രവട്ടം എക്സി. എൻജിനീയർ മലമ്പുഴയിൽനിന്ന് വെള്ളം ഭാരതപ്പുഴയിലേക്കൊഴുക്കി വിടാൻ നിർദേശം നൽകിയിട്ടുണ്ട്.
മലമ്പുഴ ഡാമിൽനിന്ന് വെള്ളമെത്തിയാൽ മാത്രമേ വരുംമാസങ്ങളിൽ ജലവിതരണം സാധാരണഗതിയിൽ കൊണ്ടുപോകാനാവൂ. എന്നാൽ ഒറ്റപ്പാലം, ഷൊർണൂർ ഭാഗങ്ങളിലുള്ള തടയണകൾ നിറഞ്ഞശേഷം മാത്രമേ മലമ്പുഴവെള്ളം തൃത്താലയിലേക്ക് ഒഴുകിയെത്താൻ സാധ്യതയുള്ളൂ. ഇത്തരത്തിൽ മലമ്പുഴവെള്ളം തൃത്താലയിലെത്താൻ ഒരാഴ്ചയിലേറെ സമയമെടുക്കുമെന്നത് ആശങ്ക വർധിപ്പിക്കുന്നുണ്ട്.
മേഖലയിലെ കനത്തചൂടുമൂലമുള്ള ജലബാഷ്പീകരണവും തടയണയിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതും കുടിവെള്ളവിതരണ പമ്പിങ്ങുമെല്ലാം ജലനിരപ്പ് ദിനംപ്രതി താഴ്ത്തുകയാണ്. പട്ടാമ്പി താലൂക്കിലെ എട്ടോളം പഞ്ചായത്തുകൾ, തൃശ്ശൂർ ജില്ലയിലെ ചാവക്കാട്, കുന്നംകുളം, ഗുരുവായൂർ നഗരസഭകൾ, അഞ്ചു പഞ്ചായത്തുകൾ എന്നിവയുടെയെല്ലാം കുടിവെള്ള വിതരണ സ്രോതസ്സാണ് വെള്ളിയാങ്കല്ല് തടയണ.
തടയണ വറ്റിയതോടെ മേഖലയിലെ ഉയർന്ന പ്രദേശങ്ങളിലെല്ലാം കുടിവെള്ളക്ഷാമം അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ട്.തടയണയുടെ 27 ഷട്ടറുകളും താഴ്ത്തി ജലം സംഭരിക്കാൻ തുടങ്ങിയതോടെ പുഴയുടെ പടിഞ്ഞാറൻഭാഗങ്ങളിലും വരൾച്ച അനുഭവപ്പെട്ടുതുടങ്ങി. നീരൊഴുക്ക് പൂർണമായും നിലച്ച സാഹചര്യത്തിൽ നാമമാത്രമായ തോതിലാണ് ഇപ്പോൾ ജലം പുറത്തേക്കൊഴുക്കിവിടുന്നത്. ഇത് പടിഞ്ഞാറൻ പ്രദേശത്തെ കർഷകരെയും ആശങ്കയിലാഴ്ത്തുകയാണ്.