ജൽ ജീവൻ മിഷൻ പദ്ധതി പ്രകാരം കുറ്റിപ്പുറം പഞ്ചായത്തിൽ 121.77 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരമായതായി ആബിദ് ഹുസൈൻ തങ്ങൾ എം എൽ എ.
രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനുള്ള പ്രത്യേക പദ്ധതികൾ നടപ്പിലാക്കണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷിഅഗസ്റ്റിനെ കണ്ട് ആവശ്യപ്പെട്ടിരുന്നു. പഞ്ചായത്ത് ഭരണ സമിതി പ്രതിനിധികളും കൂടെയുണ്ടായിരുന്നു.
ഇതിനെ തുടർന്നാണ് ജൽ ജീവൻ മിഷന്റെ അഞ്ചാമത്തെ സ്റ്റേറ്റ് ലവൽ സെലക്ഷൻ കമ്മിറ്റി പ്രകാരം കുറ്റിപ്പുറം പഞ്ചായത്തിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തി 121.77 കോടി രൂപ അനുവദിച്ച് പദ്ധതിക്ക് ഭരണാനുമതിയായത്.
പദ്ധതി നടത്തിപ്പിന്റെ മുന്നോടിയായുള്ള സർവ്വേ പ്രവൃത്തികൾക്കുള്ള ടെണ്ടറായിട്ടുണ്ട്. സർവ്വേ ഡീറ്റെയിൽ കിട്ടിയാൽ ട്രീറ്റ്മെന്റ് പ്ലാന്റ്, പൈപ്പ് ലൈൻ നറ്റ് വർക്ക്, ടാങ്കുകൾ എന്നിവയുടെ ഡിസൈൻ തയ്യാറാക്കും. തുടർന്ന് എസ്റ്റിമേറ്റ് തയ്യാറാക്കിയാണ് സാങ്കേതികാനുമതി ലഭ്യമാക്കുക. ഭാരതപ്പുഴയിൽ നിന്നുള്ള സ്രോതസ്സ് തന്നെയാണ് പദ്ധതിക്കായി ഉപയോഗിക്കുക.
ഒരു മാസം കൊണ്ട് സർവ്വേ പൂർത്തീകരിക്കാനാകുമെന്നാണ് പ്രതീഷിക്കുന്നത്. ആറ് മാസത്തിനകം പദ്ധതിയുടെ ടെണ്ടർ നടപടികളും പൂർത്തീകരിക്കും. പദ്ധതിയുടെ സാങ്കേതികാനുമതിയും ടെണ്ടർ നടപടികളും വേഗത്തിലാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും എം എൽ എ അറിയിച്ചു .