വൈള്ളിയാങ്കല്ല് പൈതൃകപാർക്ക് ; നവീകരണപദ്ധതി പൂർത്തീകരണോദ്ഘാടനം ഏപ്രിൽ15-ന്


 തൃത്താല: വൈള്ളിയാങ്കല്ല് പൈതൃകപാർക്ക് നവീകരണപദ്ധതി പൂർത്തീകരണോദ്ഘാടനം 15-ന് വൈകീട്ട് അഞ്ചുമണിക്ക് നിയമസഭാസ്പീക്കറും തൃത്താല എം.എൽ.എ.യുമായ എം.ബി. രാജേഷ് നിർവഹിക്കും. ചടങ്ങിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ചിലമ്പ്-2022 സാംസ്കാരിക പരിപാടിയുടെ ഉദ്ഘാടനവും സ്പീക്കർ നിർവഹിക്കും.

വിനോദസഞ്ചാരവകുപ്പ് നിധിയിൽനിന്നും 43,22,030 രൂപ ചെലവഴിച്ചാണ് പൈതൃക പാർക്കിനെ നവീകരിച്ച് മനോഹരമാക്കിയത്. കൂടുതൽ വൈദ്യുതവിളക്കുകൾ, ഭിന്നശേഷിക്കാർക്കുൾപ്പെടെയുള്ള പുതിയ നടപ്പാതകൾ, പൂന്തോട്ടം, കുട്ടികൾക്കായി കൂടുതൽ കളിയുപകരണങ്ങൾ, നിരീക്ഷണ ക്യാമറ, കുടിവെള്ളസംവിധാനം എന്നിവയാണ് പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ചത്. പ്രളയത്തിൽത്തകർന്ന പാർക്കിന്റെ ചുറ്റുമതിലും പുഴയോടുചേർന്ന ഭാഗത്തെ തകർന്ന സുരക്ഷാവേലികളും പുനർനിർമിച്ചു. പൈതൃക പാർക്കിനകത്തെ ചിത്രരചനാ ജോലികളും പൂർത്തിയായി.

ഉദ്ഘാടനദിനത്തിൽ നടക്കുന്ന ചിലമ്പ്-2022 സാംസ്കാരികപരിപാടിയുടെ ഭാഗമായി 15 മുതൽ മേയ് 15 വരെ ശനി, ഞായർ ദിവസങ്ങളിലായി വിവിധങ്ങളായ കലാപരിപാടികൾ പൈതൃകപാർക്കിനകത്ത് നടക്കും.

കോവിഡ് കാലത്തിന് ശേഷം ഗ്രാമീണ കലാകാരൻമാരെ പരിപോഷിപ്പിക്കുക ലക്ഷ്യമിട്ടാണ് ചിലമ്പ് സാംസ്കാരികപരിപാടി സംഘടിപ്പിക്കുന്നത്.

വിവിധ കലാപരിപാടികൾ ആഴ്ചാവസാന ദിനങ്ങളിൽ നടക്കും. പരിപാടിയുടെ ഭാഗമായുള്ള സംഘാടകസമിതി യോഗം തൃത്താല ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേർന്നു. തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി.പി. റജീന, വൈസ് പ്രസിഡന്റ് പി. ആർ. കുഞ്ഞുണ്ണി, ഡി.ടി.പി.സി. സെക്രട്ടറി ഡോ. എസ്.വി. സിൽബർട്ട് ജോസ്, ഡി.ടി.പി.സി. ഡെപ്യൂട്ടി ഡയറക്ടർ എസ്. അനിരുദ്ധൻ, പഞ്ചായത്ത് പ്രസിഡന്റുമാർ, ജനപ്രതിനിധികൾ, വിവിധ സംഘടനാഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.

Below Post Ad