![]() |
കൂറ്റനാട് സ്വദേശി മണിക്കുട്ടന്റെ കിണറിലെ വെള്ളം പുറത്തെടുത്ത് മണ്ണിലേക്കൊഴിച്ച് തീ കൊളുത്തിയപ്പോൾ ആളിക്കത്തുന്ന കാഴ്ച |
നാഗലശ്ശേരി പഞ്ചായത്തിലെ ഒന്നാംവാർഡ് പ്രദേശത്തെ കിണറുകളിലാണ് വ്യാപകമായി പെട്രോളിന് സമാനമായ ഇന്ധനത്തിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുള്ളത്. 'കൂറ്റനാട്ടെ ഏതാനും കിണറുകളിൽ പെട്രോളിന് സമാനമായ വാതകം കാണുന്നുണ്ടെന്ന' വിവരം മാതൃഭൂമി റിപ്പോർട്ട് ചെയ്തതോടെ ചർച്ചയും അന്വേഷണവുമായി. എന്നാൽ പരിഹാരം ഉണ്ടായില്ല.
ജില്ലാ മെഡിക്കൽ ഓഫീസർക്ക് പ്രദേശവാസിയായ പി.ജെ. ജോയിയുടെ നേതൃത്വത്തിൽ കുറച്ച് കുടുംബങ്ങൾചേർന്ന് രേഖാമൂലം പരാതിനൽകി. കുടിവെള്ളത്തിന് ആശ്രയിക്കുന്ന കിണറിൽ എന്തോ ഇന്ധനംപോലുള്ള രാസപദാർഥം വന്നടിയുന്നുണ്ടെന്നും ഇതെവിടെ നിന്നാണ്, എങ്ങനെയാണ് കിണറുകളിലേക്ക് എത്തുന്നതെന്ന് അറിയില്ലെന്നും കാണിച്ച് അഞ്ച് കുടുംബങ്ങളാണ് അപേക്ഷനൽകിയത്.
ഡി.എം.ഒ.യുടെ നിർദേശം വെള്ളം പരിശോധിക്കണമെന്നായിരുന്നു. അതിനെത്തുടർന്ന് വീട്ടുകാരോട് കുടിവെള്ളത്തിനായി പ്രദേശത്തെ കിണറുകളിലെ വെള്ളം തീരേ ഉപയോഗിക്കാൻപാടില്ലെന്ന നിർദേശവും കിട്ടി.
ജലവിഭവവകുപ്പ്, മലിനീകരണ നിയന്ത്രണ ബോർഡ്, ആരോഗ്യ വകുപ്പ് എന്നിവരുടെ അന്വേഷണവും തുടങ്ങി. മൂന്നോ നാലോ ദിവസത്തിനകം കാരണങ്ങളറിയാനാകുമെന്നും പ്രശ്‌നങ്ങൾക്ക് പരിഹാരമാകുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചിരുന്നെങ്കിലും ഇതുവരെയും ഉത്തരമില്ലെന്ന് നാട്ടുകാർ പറയുന്നു.
പെട്രോളിയം കെമിക്കൽ എൻജിനീയർമാരും സമീപത്തെ പെട്രോൾപമ്പ് ഉടമകളും പമ്പിലെ ടാങ്കിന് ചോർച്ചയില്ലെന്നും വില്പനക്കെത്തുന്ന പെട്രോളിന്റെ അളവിൽ കുറവ് വരാറില്ലെന്നുമാണ് പറയുന്നത്. ചില കുഴൽക്കിണറുകളും ഇവിടെ പ്രവർത്തനക്ഷമമല്ലാതായിട്ടുണ്ട്. ഒരാളുടെ കിണറിൽനിന്നെടുത്ത വെള്ളം മാത്രമാണ് വീട്ടുകാരുടെ ചെലവിൽ എറണാകുളത്ത് കൊണ്ടുപോയി പരിശോധന നടത്തിയിട്ടുള്ളത്.
അതേസമയം, ഏപ്രിൽ 16-ന് തൃത്താല ബ്ലോക്ക് ഓഡിറ്റോറിയത്തിൽ ഭൂഗർഭജല അതോറിറ്റി, ഐ.ഒ.സി. ഉദ്യോഗസ്ഥർ, ആരോഗ്യവിഭാഗം, പഞ്ചായത്തധികൃതർ എന്നിവരുടെ വിപുലമായ യോഗം വിളിച്ചിട്ടുണ്ടെന്നും പ്രശ്‌നം പരിഹരിക്കുമെന്നും സ്പീക്കർ എം.ബി. രാജേഷ് അറിയിച്ചു.