പട്ടാമ്പി: നാട്ടാനപരിപാലന ചട്ടപ്രകാരം രൂപവത്കരിച്ച ജില്ലാതല മേൽനോട്ടസമിതിയുടെ ഉത്തരവ് ലംഘിച്ചതിനെതിരേ പട്ടാമ്പി, കൊപ്പം നേർച്ചയാഘോഷ കമ്മിറ്റികൾക്കെതിരേ നടപടിക്ക് ശുപാർശ.
തിങ്കളാഴ്ച ജില്ലാ കളക്ടറേറ്റിൽ നടന്ന യോഗത്തിലാണ് തീരുമാനം. ജില്ലാ മോണിറ്ററിങ് കമ്മിറ്റി യോഗത്തിൽ അനുമതി നൽകിയതിലും കൂടുതൽ ആനകളെ പട്ടാമ്പി, കൊപ്പം നേർച്ചകളിൽ എഴുന്നള്ളിച്ചതായി യോഗം വിലയിരുത്തി.
ഇത് നാട്ടാനപരിപാലന ചട്ടത്തിന്റെയും ജില്ലാ മോണിറ്ററിങ് കമ്മിറ്റി ഉത്തരവിന്റെയും കർശന ലംഘനമായിക്കണ്ട് നടപടി സ്വീകരിക്കണമെന്ന് യോഗം നിർദേശം നൽകി.
ഉത്സവങ്ങൾക്ക് ആനകളെ പരിശോധിക്കാനെത്തുമ്പോൾ മതിയായ രേഖകൾ ഹാജരാക്കാതെയും ആവശ്യമായ സൗകര്യങ്ങളൊരുക്കാതെയും ഉത്സവക്കമ്മിറ്റിക്കാർ നിസ്സഹകരിക്കുന്ന സ്ഥിതിയാണുള്ളതെന്ന് യോഗം വിലയിരുത്തി. ഇത് നിയന്ത്രിക്കാനുള്ള നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു.
പട്ടാമ്പിനേർച്ചയ്ക്ക് 80 ആനകളെ എഴുന്നള്ളിക്കാൻ മുമ്പ് തീരുമാനമായിരുന്നു. തുടർന്ന്, കോവിഡ്‌വ്യാപന പശ്ചാത്തലവും സ്ഥലപരിമിതിയും കണക്കിലെടുത്ത് ആനകളെ കുറയ്ക്കുകയായിരുന്നു. ഒടുവിൽ 42 ദേശങ്ങൾക്കായി ഒരാന വീതവും കേന്ദ്ര കമ്മിറ്റിക്ക് മൂന്ന് ആനയും ചേർത്ത് 45 ആനകൾക്കാണ് കളക്ടറേറ്റിൽനിന്ന് അനുമതി നൽകിയിരുന്നത്.