വിഷു കൈനീട്ടമായി മഹാകവി അക്കിത്തത്തിന്റെയും ദക്ഷിണാമൂർത്തിയുടെയും കൃഷ്ണാർച്ചന ''കടമ്പിൻ പൂക്കൾ''



ജ്ഞാനപീഠം ജേതാവ് അക്കിത്തവും മലയാള ഗാനശാഖയിലെ ഗുരുതുല്യൻ ദക്ഷിണാമൂർത്തി സ്വാമിയും ചേർന്നൊരുക്കുന്ന കൃഷ്ണഗീതങ്ങൾ കൊരുത്ത് വെച്ചിട്ട് കാലം ഏറെയായി.പക്ഷെ കവിയും സംഗീതകാരനുമില്ലാത്ത ഇപ്പോഴാണ് ഈ പാട്ടുകൾക്ക് ''പിറക്കാൻ'' നിയോഗം.അതിന് നിമിത്തമായത് ഇരുവരുടെയും പ്രിയ സഹചാരിയും കലാസംഘാടകനായ  വേണു ഞാങ്ങാട്ടിരിയാണ്.


അക്കിത്തവും ദക്ഷിണാമൂർത്തി സ്വാമിയും തമ്മിലുള്ള സ്നേഹ ബന്ധം അക്കിത്തത്തിന്റെ ആകാശവാണി ജോലിക്കാലത്തോളം പഴക്കമുള്ളതാണ് .ആകാശവാണിക്ക് വേണ്ടി എത്രയോ ലളിത ഗാനങ്ങൾ ഒരുക്കിയ അക്കിത്തമോ സിനിമക്ക് സംഗീത ഭാവത്തിന്റെ പ്രൗഢി പകർന്ന സ്വാമിയോ  അന്നൊന്നും ചിന്തിക്കാത്തൊരു കൂട്ടുകെട്ടിനെ പിൽക്കാലത്ത് വിളക്കിച്ചേർത്തത്  വേണു ഞാങ്ങാട്ടിരിയാണ്. അക്കിത്തത്തിന്റെ ''കടമ്പിൻ പൂക്കൾ'' എന്ന കൃഷ്ണഗാന സമാഹാരത്തിൽ നിന്ന് പതിനൊന്നെണ്ണം  തെരഞ്ഞെടുത്ത് സ്വാമിക്ക് എത്തിച്ചതും വേണു തന്നെ.

വി.ദക്ഷിണമൂർത്തി സ്വാമിയും പത്നിയുമോടോപ്പം വേണു ഞാങ്ങാട്ടി

അക്കിത്തം രചിച്ച കൃഷ്ണഗീതികൾ ദക്ഷിണാമൂർത്തിയുടെ സംഗീതത്തിൽ വിഷു പ്രമാണിച്ച് പുറത്തിറക്കിയത് മനോരമ മ്യൂസിക്കാണ്. ''കടമ്പിൻ പൂക്കൾ'' എന്ന ഈ ആൽബത്തിലെ എല്ലാ ഗാനങ്ങളും പാടിയിരിക്കുന്നത് മധു ബാലകൃഷ്ണനാണ് . മധുവിന്റെ ഭാര്യാസഹോദരൻ ദീപുശാന്താണ് നിർമ്മാതാവ്.പ്രോഗ്രാം കോർഡിനേറ്റർ വേണു ഞാങ്ങാട്ടിരി.


സ്വാമിയുടെ മകൾ വിജയയുടെ പാലക്കാട്ടെ വീട്ടിൽ വെച്ചായിരുന്നു പാട്ടുകൾ ചിട്ടപ്പെടുത്തിയത്. പിന്നീട് മധു ബാലകൃഷ്ണനെ ചെന്നെയിലേക്ക് വരുത്തി സ്വാമി പാട്ടുകൾ പഠിപ്പിച്ചു.സ്വാമിയും അക്കിത്തവും മരിക്കും മുമ്പേ എറണാകുളത്ത് വെച്ച് റെക്കാർഡിങ്ങും കഴിഞ്ഞു.എന്നാൽ പാട്ടുകൾ പ്രകാശിതമാകാൻ പിന്നെയും ഒരുപാട് വർഷങ്ങൾ നീണ്ടു.

2013 ൽ സ്വാമിയും 2020 ൽ അക്കിത്തവും ഓർമ്മയായി.ആ മഹൽ സാന്നിധ്യങ്ങളില്ലാതെ മനോരമ മ്യൂസിക്കിന്റെ യൂട്യൂബ് ചാനലിലൂടെ ബാലു നായരുടെ ദൃശ്യ സംവിധാനത്തിലൂടെ വിഷുവിന് ആൽബം പുറത്തിറങ്ങി. എല്ലാം കോർത്തിണക്കി വേണു ഞാങ്ങാട്ടിരി.


Below Post Ad