വേനൽമഴയിൽ മരങ്ങൾ പൊട്ടിവീണു പലയിടത്തും നാശനഷ്ടം


തൃത്താല, നാഗലശ്ശേരി, തിരുമിറ്റക്കോട്, ചാലിശ്ശേരി പഞ്ചായത്തിൽ വേനൽമഴയിൽ നാശനഷ്ടം. മഴക്കൊപ്പം ശക്തമായ കാറ്റ് വീശിയതോടെ വൈദ്യുത ലൈനുകളിലേക്ക് മരം പൊട്ടിവീണു. വാഴ, മരച്ചീനി, പച്ചക്കറികൾ തുടങ്ങിയവയ്ക്കും നാശം സംഭവിച്ചു.

പട്ടിത്തറ, തൃത്താല, നാഗലശ്ശേരി, കോതച്ചിറ, പട്ടിശ്ശേരി, തിരുമിറ്റക്കോട് തുടങ്ങിയയിടങ്ങളിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ വീശിയ കാറ്റും മഴയും മൂലം ധാരാളം മരക്കൊമ്പുകൾ പൊട്ടിവീണ് പലയിടത്തും നാശനഷ്ടം സംഭവിച്ചു.

പലയിടത്തും പറമ്പുകളിലെ കുലയ്ക്കാറായ വാഴകൾ മറിഞ്ഞുവീണിട്ടുണ്ട്. തൊടികളിൽ വളർത്തുന്ന മൈസൂരി, കുന്നൻ, പൂവൻ തുടങ്ങിയ വാഴകളാണ് കാറ്റിൽ വീണതിലധികവും. തോട്ടപ്പറമ്പുകളിൽ അങ്ങിങ്ങായി കവുങ്ങും മാവിൻ കൊമ്പുകളും പൊട്ടിവീണിട്ടുണ്ട്. കർഷകർക്ക് പലയിടത്തും സാരമല്ലാത്ത നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.

കൂറ്റനാട്-പെരിങ്ങോട് റോഡിൽ തൊഴുക്കാട് ഇറക്കത്തിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തുനിന്നും വലിയൊരു മരത്തിന്റെ കൊമ്പ് റോഡിലേക്ക് പൊട്ടിവീണിരുന്നു. 

കെ.എസ്.ഇ.ബി.യുടെ 110 കെ.വി. ലൈനിന്റെ മുകളിലേക്കാണ് മരക്കൊമ്പ് വീണത്. കമ്പിയുടെ മുകളിലേക്ക് മറിഞ്ഞ് മരം തങ്ങിനിന്നതിനാൽ റോഡിലൂടെ പോയിരുന്ന വാഹനങ്ങളുടെ മുകളിലേക്ക് വീഴാതെ വലിയ അപകടത്തിൽനിന്നും ഭാഗ്യംകൊണ്ട് രക്ഷപ്പെട്ടതായി ഡ്രൈവർമാർ പറഞ്ഞു

കെ.എസ്.ഇ.ബി. അസി. എക്‌സി. എൻജിനീയർ സ്ഥലം സന്ദർശിച്ചു. അപകടാവസ്ഥയിൽ കമ്പികളിലേക്ക് മറിഞ്ഞുവീണ് കിടന്നിരുന്ന മരങ്ങളെല്ലാം മുറിച്ചുമാറ്റി വാഹനഗതാഗതം പുനഃസ്ഥാപിച്ചു.



Below Post Ad