പുരുഷന്‍മാര്‍ക്ക് ഇരുചക്ര വാഹനങ്ങളിൽ പിന്‍സീറ്റ് യാത്ര നിരോധിച്ച പാലക്കാട് കളക്ടര്‍ക്ക് സമൂഹ മാധ്യമങ്ങളിൽ വിമര്‍ശനവും പരിഹാസവും



പുരുഷന്‍മാര്‍ക്ക് ഇരുചക്ര വാഹനങ്ങളിൽ പിന്‍സീറ്റ് യാത്ര നിരോധിച്ച പാലക്കാട് കളക്ടര്‍ക്ക് സമൂഹ മാധ്യമങ്ങളിൽ വിമര്‍ശനവും പരിഹാസവും 

 എസ്ഡിപിഐ- ആര്‍എസ്എസ് പ്രവര്‍ത്തകരുടെ കൊലപാതകങ്ങളെ തുടര്‍ന്ന് നിരോധനജ്ഞ നിലനില്‍ക്കുന്ന പാലക്കാട് ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തിയ പുതിയ നിയന്ത്രണത്തിനെതിരെയാണ് വിമര്‍ശനം.

ജില്ലയില്‍ സ്ത്രീകളും കുട്ടികളുമൊഴികെയുള്ളവര്‍ക്ക് ഇരുചക്രവാഹനങ്ങളില്‍ പിന്‍സീറ്റ് യാത്ര പാടില്ലെന്ന് ചൂണ്ടിക്കാട്ടി അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് ഉത്തരവ് ഇറക്കിയിരുന്നു. ഇതിനെതിരെയാണ് സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശനവും പരിഹാസവും ഉയരുന്നത്.

പുതിയ നിയന്ത്രണം വരുന്നതോടെ ജില്ലയില്‍ പുരുഷന്മാര്‍ക്ക് മാത്രമാണ് ഇരുചക്രവാഹനങ്ങളുടെ പിന്‍സീറ്റില്‍ യാത്രയ്ക്ക് നിയന്ത്രണമുണ്ടാവുക. ക്രമസമാധാന നില തടസ്സപ്പെടാനുള്ള സാധ്യത മുന്നില്‍ കണ്ടുകൊണ്ടാണ് നിയന്ത്രണമെന്ന് എഡിഎമ്മിന്റെ ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യമറിയിച്ച് ജില്ലാ കലക്ടര്‍ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിന് താഴെയുള്‍പ്പെടെ വലിയ പരിഹാസവും വിമര്‍ശനവുമാണ് ഉയരുന്നത്. 

അയ്യേ ഇതാണോ ഐഎഎസുകാര്‍ അക്കാദമിയില്‍ നിന്നും പഠിക്കുന്ന പൊതുഭരണമെന്ന് പാലക്കാട് ജില്ലാ കലക്ടറുടെ പോസ്റ്റിന് താഴെ അഭിഭാഷകനായ ഹരീഷ് ശ്രീദേവി വാസുദേവന്‍ ചോദിച്ചു. ജില്ലാ ഭരണകൂടത്തിന്റെ നടപടി എലിയെപ്പേടിച്ച് ഇല്ലം ചുടുന്നതിന് തുല്യമാണെന്നും ചിലര്‍ ചൂണ്ടിക്കാട്ടി.

ബസ് അപകടത്തില്‍ മുന്‍ഭാഗത്ത് യാത്ര ചെയ്തിരുന്ന സ്ത്രീകള്‍ മരിച്ചത് കൊണ്ട് സ്ത്രീകളുടെ സീറ്റുകള്‍ ബസിന്റെ പിന്‍ഭാഗത്തേക്ക് മറ്റിയതുപൊലെയുള്ള നടപടിയാണ് ഇതെന്നായിരുന്നു ഒരു പരിഹാസം.

സുബൈറിനെ വെട്ടിയത് കാറിൽ വന്നവരല്ലേ.. അത് കൊണ്ട് ഏപ്രിൽ 20 വരെ കാറിന്റെ ബാക്ക് സീറ്റിലും സ്ത്രീകളും കുട്ടികളും മാത്രം യാത്ര ചെയ്‌താൽ പോരേ സാറേ ..എന്നുതുടങ്ങി നിരവധി  പരിഹാസവും വിമര്‍ശനവുമാണ്   കലക്ടറുടെ ഫേസ്‌ബുക്ക് പോസ്റ്റിന് താഴെ കമന്റായി നിറയുന്നത് 


Tags

Below Post Ad