തൃത്താല-വി.കെ. കടവ് പാത മാലിന്യം തള്ളാനുള്ള ഇടമായി മാറുന്നു. പാതയിൽ കണ്ണനൂർ കയറ്റം മുതൽ കരിമ്പനക്കടവ് പ്രദേശം വരെ വിവിധ ഇടങ്ങളിലായി കുന്നുകൂടിക്കിടക്കുന്നത് ലോഡുകണക്കിന് മാലിന്യമാണ്.
ചാക്കുകെട്ടുകളിലാക്കി തള്ളുന്ന, അറവുമാലിന്യമുൾപ്പെടെയുള്ളവ പാതയരിക് നിറഞ്ഞ് റോഡിലേക്കും ഇരുവശത്തെ നെൽപ്പാടങ്ങളിലേക്കും എത്തിത്തുടങ്ങി. പ്രദേശത്താകെ ദുർഗന്ധവുമുണ്ട്. ഇരുവശത്തും പാടശേഖരങ്ങളും അതിനോടുചേർന്ന് ഭാരതപ്പുഴയും അതിരിടുന്ന വിജനമായ പാതയായതിനാൽ രാത്രികാലങ്ങളിൽ മാലിന്യം തള്ളാൻ എളുപ്പമാണ്. കക്കൂസ് മാലിന്യം ഉൾപ്പെടെയുള്ളവ ഈ ഭാഗത്ത് തള്ളുന്നത് പതിവാണ്. ഇത് ഒഴുകിയെത്തുന്നത് വെള്ളിയാങ്കല്ല് തടയണയിലേക്കാണ്.
നിറഞ്ഞുകിടക്കുന്ന മാലിന്യം പകർച്ചാവ്യാധികൾക്ക് ഇടയാക്കുമെന്ന ആശങ്കയിലാണ് നാട്ടുകാർ. പൊട്ടിയ മദ്യക്കുപ്പികൾ ഉൾപ്പെടെയുള്ള മാലിന്യം പാടത്ത് നിറഞ്ഞതോടെ കർഷകരും ഗതികേടിലാണ്. തെരുവുനായ ശല്യവും രൂക്ഷമാണ്.
കരിമ്പനക്കടവിന് സമീപത്തെ കണ്ണനൂർ കയറ്റത്തും സമാനസ്ഥിതിയാണ്. കൂടാതെ കരിമ്പനക്കടവ് പ്രദേശത്തെ നിളാനദിയുടെ തീരങ്ങളിലും മദ്യപാനികൾ ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് മാലിന്യമുണ്ട്.
