മതേതര സംഗമ വേദിയായി പ്രവീൺ നമ്പൂതിരിയുടെ നോമ്പ് തുറ

വളാഞ്ചേരി : കഴിഞ്ഞ ദിവസം വളാഞ്ചേരി വലിയകുന്ന് മുന്നാസ് ഓഡിറ്റോറിയത്തില്‍ നടന്ന നോമ്പ് തുറയിലെ വിഭവങ്ങള്‍ക്ക് രുചി ഏറെ ഉണ്ടായിരുന്നു, വ്യത്യസ്തമായിരുന്നു. കാരണം ഈ നോമ്പ് തുറ ഒരു മത മൈത്രി സംഗമത്തിന്റെ വേദി ആയിരുന്നു.

ഇരിമ്പിളിയം കാട്ടുമാടം മനക്കലെ പ്രവീണ്‍ നമ്പൂതിരി ആയിരുന്നു ഈ നോമ്പ് തുറ സംഘടിപ്പിച്ചത്.താന്ത്രിക മാന്ത്രിക വിദ്യകള്‍ കൊണ്ട് മുമ്പേ പ്രസിദ്ധമാണ് ഇരിമ്പിളിയം വലിയകുന്നിലെ കാട്ടുമാടം മന. പക്ഷേ ഇന്ന് ഈ മനയുടെ സല്‍പേര് നാടുകള്‍ കടക്കുന്നത് മതേതരത്വവും സാഹോദര്യവും പരസ്പര സ്‌നേഹവും നമ്മുടെ രക്തത്തില്‍ അലിഞ്ഞ് ചേര്‍ന്നത് കൊണ്ട് കൂടി ആണ് എന്ന് ഓര്‍മിപ്പിക്കുന്ന ഇത്തരം പ്രവര്‍ത്തിയുടെ പേരില്‍ ആകും. ഇരുന്നൂറിലധികം ക്ഷേത്രങ്ങളിലെ തന്ത്രികൂടിയായ പ്രവീണ്‍ നമ്പൂതിരി നടത്തിയ ഇഫ്താര്‍ സംഗമ വേദി, മതേതര സൗഹൃദ കൂട്ടായ്മയുടെ സംഗമ വേദിയായി.

മഗ്രിബ് ബാങ്കിന് ശേഷം കാരക്ക കഴിച്ചാണ് നോമ്പ് തുറക്കുക, പള്ളി ഖതീബിനും എം എല്‍ എക്കും പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവര്‍ക്കും കാരക്ക നല്‍കാനും ശേഷം നമസ്‌ക്കരിക്കാന്‍ മുസല്ല വിരിക്കാനും എല്ലാം മുന്നില്‍ നിന്നത് ആതിഥേയനായ പ്രവീണ്‍ നമ്പൂതിരി തന്നെ. പ്രാര്‍ത്ഥനകള്‍ക്ക് ശേഷം സ്നേഹത്തോടെ ഇഫ്താര്‍ വിരുന്നിലേക്ക് ക്ഷണിച്ചിരുത്തി. എല്ലാവര്‍ക്കും ഒപ്പം പ്രവീണ്‍ നമ്പൂതിരിയും കുടുംബവും ഭക്ഷണം പങ്കിട്ടു..പഴങ്ങളും ബിരിയാണിയും ചപ്പാത്തിയും എല്ലാം ഉള്‍പ്പെട്ട വിഭവ സമൃദ്ധമായ വെജിറ്റേറിയന്‍ നോമ്പ് തുറ...നാട്ടിലെ വിവിധ മേഖലകളില്‍ നിന്നും നാനൂറില്‍ അധികം ആളുകള്‍ ആണ് ഇഫ്താര്‍ സംഗമത്തില്‍ പങ്കെടുത്തത്.

മനുഷ്യന്‍ മറന്നുപോകുന്ന പരസ്പര സ്‌നേഹത്തിന്റെയും കൊടുക്കല്‍ വാങ്ങലുകളുടെ ഏറ്റവും വലിയ ഒരു മാതൃകയാണ് ഇവിടെ നടന്ന ഇഫ്താര്‍ എന്ന് പള്ളി ഖാതീബ് പറഞ്ഞു. ഇത്തരം ഒരു നോമ്പ് തുറക്ക് ഇക്കാലത്ത് ഏറെ പ്രസക്തി ഉണ്ട്. അദ്ദേഹം പറഞ്ഞു.സമൂഹത്തില്‍ ഇക്കാലത്ത് ഇത്തരം ഇഫ്ത്താര്‍ വിരുന്നുകളും കൂടിച്ചേരലുകളും നല്‍കുന്ന സന്ദേശം ഏറെ വലുതാണ് എന്ന് പറഞ്ഞഎംഎല്‍എ ആബിദ് ഹുസൈന്‍ തങ്ങള്‍പ്രവീണ്‍ നമ്പൂതിരിയുടെ നോമ്പ് തുറയെ മുക്തകണ്ഠം പ്രശംസിച്ചു

'നൂറുകണക്കിനാളുകളെ സംഘടിപ്പിച്ചുകൊണ്ട് പരസ്പരമുള്ള ഐക്യബോധം സൃഷ്ടിക്കാനുള്ള ശ്രമം നടത്തുന്നത് വലിയൊരു സന്ദേശമാണ് നാടിന് നല്‍കുന്നത്. കാട്ടുമാടം മന മത സൗഹാര്‍ദ്ദത്തിന് ഏറെ പേര് കേട്ട , പാരമ്പര്യവും പൈതൃകവും ഒക്കെ ഉള്ള ഇടമാണ്. കുടുംബ പൈതൃകവും പാരമ്പര്യവും സംസ്‌ക്കാരവും ഒക്കെ കാത്തുസൂക്ഷിക്കുന്ന ആളുകളാണ് . ആ സംസ്‌കാരവും പാരമ്പര്യവും ഇനി വരുന്ന തലമുറകളിലേക്ക് കൈമാറ്റം ചെയ്തുമുന്നോട്ടു പോകാന്‍ ഈ പ്രവര്‍ത്തി ഒരു പ്രചോദനം ആയി മാറട്ടെ.

എല്ലാവരെയും ഒരുമിച്ച് നിര്‍ത്തുന്നതും എല്ലാവരെയും സഹായിക്കുന്നതുമാണ്താന്‍ചെറുപ്പം മുതലെ കണ്ടു വളര്‍ന്നിട്ടുള്ളത്. ഒന്നിന്റെയും പേരില്‍ അകല്‍ച്ചയില്ലാതാക്കാനാണ് ഇത്തരത്തില്‍ ഇഫ്താര്‍ സംഗമം നടത്തിയതെന്ന് പ്രവീണ്‍ നമ്പൂതിരി പറഞ്ഞു.' ഏറെക്കാലമായി ഉള്ള ഒരു മോഹം ആയിരുന്നു ഇങ്ങനെ ഒരു നോമ്പ് തുറ സംഘടിപ്പിക്കണം എന്നുള്ളത്. കോവിഡ് കാലവും പലവിധ പ്രതിസന്ധികളും കാരണം എല്ലാം നീണ്ടു പോയി. ഒരു പക്ഷേ അതിന് സമയം ആയത് ഇപ്പൊള്‍ ആകും..'മതത്തിന് അപ്പുറം നമ്മള്‍ എല്ലാം ഒന്നാണ് എന്ന സന്ദേശം ഇതിലൂടെ നല്‍കാന്‍ പ്രവീണ്‍ നമ്പൂതിരിക്ക് കഴിഞ്ഞു എന്ന് പറയാതെ വയ്യ..

നോമ്പ് തുറക്ക് ശേഷം പ്രവീണ്‍ നമ്പൂതിരിയെ ആശ്ലേഷിച്ചും കൈ ചേര്‍ത്ത് പിടിച്ചു കൈ കൂപ്പി ആദരവ് പ്രകടിപ്പിച്ചും നാട് മടങ്ങുമ്പോള്‍ ഉറപ്പായും പറയാം, നാടിന് ഇപ്പൊള്‍ വേണ്ടത് ഇത്തരം മനുഷ്യര്‍ തമ്മില്‍ ഉള്ള ചേര്‍ത്തുപിടിക്കലുകള്‍ ആണ്.

Tags

Below Post Ad