വിശുദ്ധ റമദാനിലെ ഇരുപത്തിയേഴാം രാവിന്റെ നിറവിൽ വിശ്വാസികള്‍ | K News



ഇന്ന് വിശുദ്ധ റമദാനിലെ ഇരുപത്തിയേഴാം രാവിന്റെ നിറവിലാണ് വിശ്വാസികള്‍. ആയിരം മാസങ്ങളെക്കാള്‍ പുണ്യമേറിയ 'ലൈലത്തുല്‍ ഖദ്റിന്' കൂടുതല്‍ സാധ്യത കല്‍പിക്കപ്പെടുന്ന രാവായതിനാല്‍  ആരാധനാലയങ്ങള്‍ വിശ്വാസികളെക്കൊണ്ട് നിറഞ്ഞുകവിഞ്ഞു.

ലൈലത്തുല്‍ ഖദ്ര്‍ എന്നാല്‍ നിര്‍ണയത്തിന്‍റെ രാത്രി എന്നാണര്‍ഥം.  റമദാനിലെ അവസാനത്തെ പത്തിലെ 21, 23,25, 27, 29 രാവുകളിലൊന്നായിരിക്കും ലൈലത്തുല്‍ ഖദ്ര്‍. ഒരായുഷ്കാലത്തെ പുണ്യം ഒറ്റ രാവിലൂടെ ലഭിക്കുന്നു എന്നതാണ് വിശ്വാസം. അതുകൊണ്ടുതന്നെ പുലരുംവരെ പള്ളികളില്‍ കഴിച്ചുകൂട്ടുന്ന വിശ്വാസികള്‍ നമസ്കാരത്തിലും നമസ്കാരത്തിലും ഖുർആൻ പാരായണത്തിലും അനുബന്ധ പ്രാര്‍ഥനകളിലും മുഴുകും. 

ദൈവ കല്‍പനയനുസരിച്ച് മാലാഖമാര്‍ ഭൂമിയിലേക്ക് ഇറങ്ങുന്ന ഈ രാവില്‍ ഉള്‍പെട്ടവര്‍ക്ക് പാപമുക്തിയും സ്വര്‍ഗപ്രവേശവും ലഭിക്കുമെന്നാണ് വിശ്വാസം. ഖുര്‍ആന്‍ അവതരണത്തിന് ആരംഭം കുറിച്ചതും  ലൈലത്തുല്‍ ഖദ്‌റിലാണ്. അതുകൊണ്ടുതന്നെ ഇനിയുള്ള രാപ്പകലുകൾ പ്രാർഥനയ്ക്കും ധ്യാനത്തിനുമായി സമർപ്പിക്കുന്നു വിശ്വാസികള്‍.

പുണ്യ മാസത്തിലെ എല്ലാ ദിനരാത്രങ്ങളും ഭക്തിസാന്ദ്രമാണെങ്കിലും പതിനേഴാം രാവും ഇരുപത്തിയേഴാം രാവും പ്രത്യേക പ്രാധാന്യം അര്‍ഹിക്കുന്നു. ഇസ്ലാമിക ചരിത്രത്തിലെ നാഴികക്കല്ലായ ബദര്‍ യുദ്ധത്തില്‍ വിജയം കൈവരിച്ചത് പതിനേഴാം രാവിനാണ്. ആയിരം മാസങ്ങളെക്കാള്‍ ശ്രേഷ്ഠതമായ രാത്രിയെന്ന് ഖുര്‍ ആന്‍ വിശേഷിപ്പിക്കുന്ന 'ലൈലത്തുല്‍ ഖദ് ര്‍' റമദാനിലെ അവസാന പത്ത് രാത്രികളില്‍ ഒന്നാണെന്നും അതിന് ഏറ്റവും സാധ്യത ഇരുപത്തിയേഴാം രാവിനാണെന്നുമുള്ള മതപണ്ഡിതരുടെ അനുമാനമാണ് ആ രാവിന്റെ സവിശേഷത. 

ആയിരം മാസങ്ങളേക്കാള്‍  പുണ്യമുണ്ടെന്ന് വിശ്വാസിക്കുന്ന ഈ ദിനത്തിത്തില്‍ പ്രഭാതം മുതല്‍ പ്രാര്‍ത്ഥനകളില്‍ മുഴുകും. ഇന്നു രാത്രിയില്‍ ചെയ്യുന്ന പുണ്യപ്രവര്‍ത്തികള്‍ക്ക് ആയിരം ദിനത്തില്‍ ചെയ്യുന്നതിനേക്കാള്‍ പുണ്യമുണ്ടെന്നാണ് വിശ്വാസം. 

ഇന്നത്തെ മനുഷ്യര്‍ക്ക് ആയുസ്സ് കുറവായതിനാല്‍ ആരാധനയ്ക്കുള്ള പ്രതിഫലം കൂടുതല്‍ നല്‍കുന്നതിനായി അള്ളാഹു അവതരിപ്പിച്ച വിശേഷപ്പെട്ട രാത്രിയായി ഇതു ഗണിക്കപ്പെടുന്നു. ആ ഒറ്റ രാത്രിയിലെ പ്രാര്‍ത്ഥനകള്‍ക്ക് ആയിരം മാസങ്ങളിലെ പ്രാര്‍ത്ഥനയുടെ ഫലം ചെയ്യും. പാപങ്ങള്‍ പൊറുക്കപ്പെടാനുള്ള ഏറ്റവും ഉത്തമമായ അവസരം കൂടിയാണിത്.

മനുഷ്യരുടെ അടുത്ത ഒരു വര്‍ഷം എങ്ങനെ വേണമെന്ന നിര്‍ണ്ണയ രാവായ ബറാഅത്ത് രാവില്‍ കണക്കാക്കി വച്ചിരിക്കുന്ന തീരുമാനങ്ങള്‍ മലക്കുകളെഏല്‍പ്പിക്കുന്നതും ലൈലത്തുള്‍ ഖദ്റിനാണ്. ഒരു വര്‍ഷത്തേയ്ക്കുള്ള ഭക്ഷണവും ആയുസ്സും ഭാഗ്യങ്ങളും ദുരന്തങ്ങളും അനുഗ്രഹങ്ങളും ആ രാത്രിയിലെ പ്രാര്‍ത്ഥനയെ ആശ്രയിച്ചാണെന്നതാണ് വിശ്വാസം.

Tags

Below Post Ad