കുന്നംകുളം: യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചും പ്രകൃതിവിരുദ്ധ ലൈംഗിക വേഴ്ചക്ക് ഇരയാക്കി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി മർദിക്കുകയും ചെയ്ത കേസിൽ യുവാവിന് 10 വർഷവും മൂന്നു മാസവും കഠിന തടവും ലക്ഷം രൂപ പിഴയും വിധിച്ചു. കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി എം.പി. ഷിബുവാണ് ശിക്ഷ വിധിച്ചത്.
യുവതിയെ മർദിച്ച സംഭവത്തിൽ യുവാവിന്‍റെ മാതാവിനോട് ആയിരം രൂപ പിഴയടക്കാനും ഉത്തരവിട്ടു. നിലമ്പൂർ സ്വദേശി അനീഷ് (33), മാതാവ് മൈമൂന (51) എന്നിവരാണ് പ്രതികൾ. 2015ൽ പാവറട്ടി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് വിധി.
ഒന്നാം പ്രതിയായ അനീഷ് കോഴിക്കോടുള്ള ചാരിറ്റബ്ൾ ട്രസ്റ്റ് മുഖേന പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നൽകി തമിഴ്നാട് ബിദർകാടിലെ എസ്റ്റേറ്റ് ബംഗ്ലാവിലും തുടർന്ന് പാടൂരിലെ വീട്ടിലും നിലമ്പൂരിലെ ഹോട്ടലിൽ വെച്ചും ബലാത്സംഗം ചെയ്യുകയും പ്രകൃതിവിരുദ്ധ ലൈംഗിക വേഴ്ചക്ക് ഇരയാക്കുകയും ചെയ്തുവെന്നതാണ് കേസ്.
വിവാഹം സംബന്ധിച്ച് സംസാരിക്കാമെന്ന് പറഞ്ഞു നിലമ്പൂരിലെ വീട്ടിലേക്ക് വിളിച്ചുവരുത്തി കഴുത്തിൽ പിടിച്ചു ഞെക്കി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. പ്രതിയുടെ ഉമ്മ മൈമൂന യുവതിയെ അടിച്ചു പരിക്കേൽപിക്കുകയും ചെയ്തിരുന്നു.