ആനക്കര: മൂന്നുവർഷം പിന്നിട്ടിട്ടും കൂടല്ലൂർ കൂമൻതോട് പാലത്തിനരികിലെ പാർശ്വഭിത്തിയിടിഞ്ഞ റോഡ് നന്നാക്കാൻ നടപടിയായില്ല. 2018-ലെ പ്രളയത്തെത്തുടർന്നാണ് കൂമൻതോടിന് സമീപത്തെ കൊടുംവളവിൽ റോഡിന്റെ ഒരുഭാഗം ഇടിഞ്ഞുതാഴ്ന്നിരിക്കുന്നത്.
പ്രളയം കഴിഞ്ഞ് മൂന്നുവർഷം പിന്നിട്ടിട്ടും അറ്റകുറ്റപ്പണി നടത്തിയിട്ടില്ല. കഴിഞ്ഞവർഷം സംരക്ഷണഭിത്തിയുടെ നിർമാണത്തിനാവശ്യമായ പ്രാരംഭപ്രവർത്തനങ്ങൾ തുടങ്ങിയെങ്കിലും കാര്യമുണ്ടായില്ല. പ്രോജക്റ്റ് ഇൻവെസ്റ്റിഗേഷന് 1.5 ലക്ഷം രൂപയും നിർമാണപ്രവൃത്തികൾക്ക് 58.5 ലക്ഷം രൂപയും അനുവദിച്ചിരുന്നു.
മഴയ്ക്കുശേഷം പാർശ്വഭിത്തി നിർമാണപ്രവൃത്തികൾ തുടങ്ങുമെന്ന് പൊതുമരാമത്ത് അധികൃതർ ഉറപ്പുനൽകിയിരുന്നെങ്കിലും പണി ആരംഭിച്ചില്ല.
റോഡുതകർന്ന ഭാഗത്തുനിന്ന് തോട്ടിലേക്ക് പത്തടിയിലധികം താഴ്ചയുണ്ട്. നിലവിൽ റോഡിന്റെ മധ്യഭാഗംവരെ വിണ്ടുകീറിയിരിക്കയാണ്. ഇതോടെ ഇരുവശത്തുനിന്നും വരുന്ന വാഹനങ്ങൾ ഒരേ ഭാഗത്തുകൂടെവേണം കടന്നുപോകാൻ. ഇവിടെ തൃത്താല ജനമൈത്രി പോലീസ് അപകട മുന്നറിയിപ്പുസംവിധാനം വെച്ചിട്ടുണ്ടെങ്കിലും വളവായതിനാൽ പെട്ടെന്ന് യാത്രക്കാരുടെ കണ്ണിൽപ്പെടാത്തത് അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്.
മഴ ശക്തമായാൽ റോഡിന്റെഭാഗങ്ങൾ ഇനിയും ഇടിയാനും വാഹനങ്ങൾ കടന്നുപോകുമ്പോൾ അപകടം സംഭവിക്കാനും സാധ്യതയേറെയാണ്. നിരവധി വാഹനങ്ങൾ കടന്നുപോകുന്ന തൃത്താലമേഖലയിലെ പ്രധാനപാതയാണിത്. എത്രയുംവേഗം സംരക്ഷണഭിത്തി നിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.