ഷെയർ ചാറ്റിലൂടെ പരിചയപ്പെട്ട പെൺകുട്ടിയുടെ നഗ്നത റെക്കോർഡ് ചെയ്‌തു സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവ് ചങ്ങരംകുളം പോലീസിന്റെ പിടിയിലായി.
മാഹി പാറക്കൽ ബീച്ച് റോഡിൽ പാറമ്മൽ അമൽജിത്ത് (24)നെയാണ് തിരൂർ ഡിവൈഎസ്പി ബെന്നിയുടെ നിർദേശപ്രകാരം ചങ്ങരംകുളം സിഐ ബഷീർ ചിറക്കലിന്റെ നേതൃത്വത്തിൽ എസ് ഐ ഹരിഹരസൂനു, സി പി ഒ ഉദയകുമാർ, തിരൂർ ഡിവൈഎസ്പി സ്ക്വോഡ് അംഗം രാജേഷ് എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം പോണ്ടിച്ചേരിയിൽ നിന്ന് പിടികൂടിയത്.
മൂന്ന് ദിവസം മുമ്പാണ് പതിനാറുകാരിയുടെ ബന്ധുക്കൾ ചങ്ങരംകുളം പോലീസിന് പരാതി നൽകിയത്. മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് കേരളം തമിഴ്നാട് പോണ്ടിച്ചേരി അടക്കം മൂന്ന് ദിവസം തുടർച്ചയായി നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പോണ്ടിച്ചേരിയിലെ വടമംഗലത്ത് നിന്ന് കണ്ടെത്തിയത്.
കണ്ണൂർ മട്ടന്നൂരിലും, കൊല്ലം ഇരവിപുരത്തും പ്രതിക്ക് പോക്സോ കേസുകൾ നിലവിലുണ്ടെന്ന് അന്വേഷണസംഘം പറഞ്ഞു. പിടിയിലായ പ്രതിയെ പൊന്നാനി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.