പാലക്കാട്: ആർ.എസ്.എസ്. മുൻ നേതാവ് കൊല്ലപ്പെട്ട കേസിൽ എസ്.ഡി.പി.ഐ. നേതാക്കളെ അന്യായമായി പ്രതിചേർക്കാൻ ശ്രമംനടക്കുന്നതായി പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് പി. അബ്ദുൾഹമീദ്, സംസ്ഥാനസമിതിയംഗം എസ്.പി.അമീർ അലി, ജില്ലാ പ്രസിഡന്റ് സഹീർ ചാലിപ്പുറം എന്നിവർ പത്രസമ്മേളനത്തിൽ ആരോപിച്ചു.
കേസിൽ നാലുദിവസം കസ്റ്റഡിയിൽവെച്ച് പോലീസ് പീഡിപ്പിച്ചതായി ആരോപിച്ച് പ്രവർത്തകനായ അഷ്‌കർ അലിയും രംഗത്തെത്തി.കേസിന്റെ പേരിൽ ജില്ലയിലുടനീളം അറസ്റ്റും റെയ്ഡും നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കയാണ് പോലീസെന്ന് എസ്.ഡി.പി.ഐ. നേതാക്കൾ പറഞ്ഞു.
അഷ്‌കർ അലിയടക്കം മൂന്ന് യുവാക്കളെ കസ്റ്റഡിയിലെടുത്ത് മർദിച്ചു. പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി, സംസ്ഥാന സമിതിയംഗം എന്നിവർക്ക് സംഭവത്തിൽ പങ്കുണ്ടെന്ന് വരുത്തിത്തീർക്കാൻ പേരുകൾ നിർബന്ധപൂർവം പറയിച്ച് പോലീസ് വീഡിയോറെക്കോഡ് ചെയ്തതായും നേതാക്കൾ ആരോപിച്ചു.