തൃശ്ശൂർ: ഭർത്താവിന്റെ പീഡനം സഹിക്കാനാവാതെ ആത്മഹത്യ ചെയ്യാനായി കിണറ്റിൻകരയിലെത്തിയ നൗജിഷ സ്വയം ചോദിച്ചു; ഞാനെന്തിന് മരിക്കണം, ജീവിച്ചുകാണിക്കുകയല്ലേ വേണ്ടത്?
അന്ന് (2016 മേയ് 22) നേരം പുലർന്നപ്പോൾ കൈക്കുഞ്ഞായിരുന്ന മകനെയുമെടുത്ത് നൗജിഷ പേരാമ്പ്രയിലെ സ്വന്തം വീട്ടിലേക്കു വന്നു. കോഴിക്കോട് പേരാമ്പ്ര പന്തിരിക്കരയിൽ പെട്ടിക്കട നടത്തുന്ന ഉപ്പ അബ്ദുള്ളയും ഉമ്മ ഫാത്തിമയും മകളെ രണ്ടുകൈയുംനീട്ടി സ്വീകരിച്ചു.
കൃത്യം ആറുവർഷത്തിനിപ്പുറം 2022 മേയ് 22-ന് തൃശ്ശൂരിലെ കേരള പോലീസ് അക്കാദമിയിൽ മുഖ്യമന്ത്രി പിണറായി വിജയന് സല്യൂട്ട് നൽകി എ. നൗജിഷ കേരള പോലീസ് സേനയിൽ അംഗമാകുന്നതു കാണാൻ ഉമ്മയും ബാപ്പയും എത്തിയിരുന്നു. കൂടെ നൗജിഷയുടെ ഏഴുവയസ്സുള്ള മകനും.
കേരള പോലീസിൽ അംഗമായ 446 പെൺ സേനാംഗങ്ങളിൽ എം.സി.എ. യോഗ്യതയുള്ള രണ്ടുപേരിൽ ഒരാളാണ് 32-കാരിയായ നൗജിഷ. 2013 മേയിലായിരുന്നു നൗജിഷയുടെ വിവാഹം.
ഭർത്തൃവീട്ടിൽനിന്ന് തിരിച്ചെത്തിയപ്പോൾ വീടിനടുത്ത പാരലൽ കോളേജിൽ പഠിപ്പിക്കുന്നതിനൊപ്പം പി.എസ്.സി. പരിശീലനത്തിനും ചേർന്നു. വിവാഹമോചനക്കേസിന്റെ നടത്തിപ്പും പ്രശ്നങ്ങളും പഠനത്തെ ബാധിച്ചു. മുഴുവൻസമയ പി.എസ്.സി. പരിശീലനത്തിനായി പാരലൽ കോളേജിലെ അധ്യാപനം ഉപേക്ഷിച്ചു. ഹയർസെക്കൻഡറി സ്കൂളിൽ ലാബ് അസിസ്റ്റന്റായ സഹോദരി നൗഫ് ആയിരുന്നു പൂർണപിന്തുണ നൽകിയത്.
പോലീസ് സ്പെഷ്യൽ റിക്രൂട്ട്മെൻറ് പട്ടികയിൽ തൃശ്ശൂർ ജില്ലയിൽ ഒന്നാംറാങ്കും എറണാകുളം ജില്ലയിൽ എട്ടാംറാങ്കും ഉണ്ടായിരുന്നു. പെൺപോലീസിന്റെ പട്ടികയിൽ 141-ാം റാങ്കാണ്. എക്സൈസിന്റെ റാങ്ക് പട്ടികയിലും ഇടംനേടിയിട്ടുണ്ട്.
കേരള പോലീസ് സേനയിൽ ഉയർന്ന റാങ്കിലുള്ള തസ്തികയിലേക്കെത്തുക എന്നതാണ് ലക്ഷ്യം. അതിനായാണ് പരിശ്രമവും.
വിവാഹത്തിനുമുമ്പ് നൗജിഷ കോളേജിൽ ഗസ്റ്റ് ലക്ചറർ ആയിരുന്നു. വിവാഹശേഷം ജോലിക്കുപോകാൻ ഭർത്തൃവീട്ടുകാർ അനുവദിച്ചിരുന്നില്ല. ഇപ്പോൾ നൗജിഷ വിലയിരുത്തുന്നത് ഇങ്ങനെ: സ്ത്രീധനത്തിന്റെ പേരിൽ തന്നെ പീഡിപ്പിച്ചയാളെ വെല്ലുവിളിച്ച് ജീവിച്ചുകാണിച്ചതാണ് നേട്ടം. അതിനു തുണയായത് തന്റെ മാതാപിതാക്കൾ.