തൃശൂർ: മഴയെ തുടർന്ന് മാറ്റിവെച്ച തൃശൂർ പൂരം വെടിക്കെട്ട് ശനിയാഴ്ച നടക്കും. വൈകീട്ട് 6.30ന് വെടിക്കെട്ട് നടത്താനുള്ള ദേവസ്വങ്ങളുടെ സംയുക്ത യോഗ തീരുമാനത്തിന് ജില്ല ഭരണകൂടത്തിന്റെ അനുമതി ലഭിച്ചു. പൂരപ്പിറ്റേന്ന് പുലർച്ച മൂന്നിന് നടക്കേണ്ട വെടിക്കെട്ടാണ് മഴ കാരണം മാറ്റിവെച്ചത്. അന്നുതന്നെ വൈകീട്ട് ഏഴിന് നടത്താൻ തീരുമാനിച്ചതും മഴ കാരണം മുടങ്ങിയിരുന്നു.
അഞ്ചുദിവസം മഴക്ക് സാധ്യതയുണ്ടെന്ന കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിൽ ആശങ്കയുണ്ടെങ്കിലും കാലാവസ്ഥ അനുകൂലമെങ്കിൽ വെടിക്കെട്ട് നടത്താനാണ് തീരുമാനം
അതേസമയം തൃശൂർ പൂരം വെടിക്കെട്ട് പുരക്ക് സമീപം പടക്കം പൊട്ടിച്ച മൂന്നുപേർ അറസ്റ്റിൽ
മദ്യലഹരിയിൽ തൃശൂർ പൂരം വെടിക്കെട്ട് പുരക്ക് സമീപം പടക്കം പൊട്ടിച്ച മൂന്ന് യുവാക്കൾ അറസ്റ്റിൽ. വെള്ളിയാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. പൊലീസ് സമയോചിതമായി ഇടപെട്ടതിനാൽ ദുരന്തം ഒഴിവായി. കോട്ടയം താഴത്തങ്ങാടി പുളിത്താഴെ അജി (42), കോട്ടയം കാഞ്ഞിരപ്പള്ളി കരോട്ടുപറമ്പിൽ ഷിജാസ് (25), തൃശൂർ എൽത്തുരുത്ത് തോട്ടുങ്ങൽ നവീൻ (33) എന്നിവരാണ് അറസ്റ്റിലായത്