ചങ്ങരംകുളത്തുനിന്ന് പുത്തനത്താണിയിലേക്ക് ഓട്ടോറിക്ഷ വിളിച്ച് യാത്ര ചെയ്ത യുവാവ് വാടക നൽകാതെ കബളിപ്പിച്ച് രക്ഷപ്പെട്ടതായി പരാതി. സംഭവത്തിൽ യുവാവിന്റെ സി.സി.ടി.വി ദൃശ്യം സഹിതം ഓട്ടോ ഡ്രൈവർ ചങ്ങരംകുളം പൊലീസിന് പരാതി നൽകി.
ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടെയാണ് യുവാവ് ചങ്ങരംകുളം ഹൈവേ ജങ്ഷനിൽനിന്ന് മൂക്കുതല സ്വദേശി അഭിലാഷിന്റെ ഓട്ടോയിൽ കയറിയത്.ആദ്യം ജാസ് ബാറിൽ ഇറങ്ങിയ യുവാവ് അഭിലാഷിന്റെ മൊബൈൽ നമ്പർ വാങ്ങി കുറച്ച് കഴിഞ്ഞ് വിളിക്കാമെന്നും ഓട്ടമുണ്ടെന്നും പറയുകയായിരുന്നു.
ഏതാനും സമയത്തിനകം യുവാവ് അഭിലാഷിനെ തിരിച്ചുവിളിച്ച് പുത്തനത്താണിയിൽ പോവണം എന്നാവശ്യപ്പെട്ടു.യാത്രക്കിടയിൽ കുറ്റിപ്പുറം സൽക്കാര ബാറിലും യുവാവ് കയറിയിരുന്നു. പുത്തനത്താണിയിൽ എത്തിയതോടെ യുവാവ് ഓട്ടോയിൽനിന്ന് ഇറങ്ങി ഡ്രൈവറെ കബളിപ്പിച്ച് വാടക നൽകാതെ ഓടി രക്ഷപ്പെടുകയായിരുന്നു.