മാസങ്ങളുടെ ഇടവേളക്ക് ശേഷം തക്കാളി വില വീണ്ടും കുതിക്കുന്നു. ഒരു മാസം മുമ്പ് 16 രൂപയ്ക്കു താഴെ ചില്ലറ വിലയുണ്ടായിരുന്ന തക്കാളിക്ക് ഇപ്പോൾ മൊത്തവ്യാപാര വില 50 രൂപയാണ്. രണ്ടാഴ്ചയ്ക്കിടെ മാത്രം 20 രൂപയുടെ വില വർദ്ധനവ്.
ഒരു മാസം മുമ്പ് 27 കിലോവരുന്ന ഒരു പെട്ടി തക്കാളിക്ക് 300 - 350 രൂപയായിരുന്നു മൊത്തവില. ഇത് കഴിഞ്ഞദിവസം 1400 രൂപയായാണ് ഉയർന്നത്. ഒരുമാസം മുമ്പ് 13 - 16 രൂപവരെയായിരുന്നു ചില്ലറ വില ഇപ്പോഴത് 65 രൂപയ്ക്കും മുകളിലാണ്.
തമിഴ്നാട്, കർണ്ണാടക എന്നിവിടങ്ങളിൽ നിന്നും തക്കാളി വരവ് കുറഞ്ഞതാണ് വില ഉയരാൻ കാരണമായതെന്നാണ് വ്യാപാരികൾ പറയുന്നത്.തമിഴ്‌നാട്ടിൽ കനത്ത വെയിലും കർണാടകയിൽ വേനൽ മഴയിലും വലിയതോതിൽ കൃഷിനാശം സംഭവിച്ചതാണ് തിരിച്ചടിയായത്. ഇതിനൊപ്പം ഇന്ധന വിലവർദ്ധനവും തക്കാളിവില ഉയരാൻ കാരണമായി.
വരും ദിവസങ്ങളിൽ വില ഇനിയും ഉയരാനാണ് സാദ്ധ്യതയെന്ന് വ്യാപാരികൾ പറയുന്നു. കല്യാണ സീസണായതിനാൽ തക്കാളിക്ക് ആവശ്യക്കാരും ഏറെയാണ്. കഴിഞ്ഞ ഡിസംബറിൽ തക്കാളി 125 രൂപയുടെ റെക്കാഡിട്ടിരുന്നു. തുടർന്ന് സംസ്ഥാന സർക്കാർ വിപണിയിൽ ഇടപെടുകയും ആന്ധ്രപ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിന്നും തക്കാളി എത്തിച്ചാണ് വില നിയന്ത്രിച്ചത്.മൈസൂരിൽ നിന്നാണ് പ്രധാനമായും തക്കാളി കൊണ്ടുവരുന്നത്.
വേനൽമഴ കൃഷിയെ ബാധിച്ചതാണ് തക്കാളിയുടെ ലഭ്യതക്കുറവിന് കാരണം. തമിഴ്‌നാട്ടിൽ നിന്നാണ് വലിപ്പം കുറഞ്ഞതും പുളി കൂടിയതുമായ തക്കാളി ഇറക്കുമതി ചെയ്യുന്നത്. കടുത്ത ചൂടിനെ തുടർന്ന് തമിഴ്‌നാട്ടിൽ നിന്നുള്ള പച്ചക്കറിയുടെ വരവും കുറഞ്ഞു. നാടൻ തക്കാളിയും ലഭിക്കാനില്ല. തക്കാളിയെ കൂടാതെ മറ്റ് പച്ചക്കറികളുടെ വിലയും ഇരട്ടിയായിട്ടുണ്ട്. രാവിലെ മുതൽ തിരക്ക് അനുഭവപ്പെട്ടിരുന്ന പല പച്ചക്കറി വ്യാപാര സ്ഥാപനങ്ങൾ തിരക്കൊഴിഞ്ഞ നിലയിലാണ്.