കൂറ്റനാട് ബസ് സ്റ്റാൻഡിൽ ബസുകൾക്ക് മാർഗ നിർദേശങ്ങളായി | KNews


കൂറ്റനാട്: സൂപ്പർഫാസ്റ്റ് ഒഴികെയുള്ള കെ.എസ്.ആർ.ടി.സി. ബസുകളും സ്വകാര്യബസുകളും നിർബന്ധമായും കൂറ്റനാട് ബസ്‌ സ്റ്റാൻഡിൽ കയറണമെന്ന് നിർദേശം. പാലക്കാട് റിജണൽ ട്രാൻസ്‌പോർട്ട് ഓഫീസറുടെ അധ്യക്ഷതയിൽച്ചേർന്ന ബന്ധപ്പെട്ടവരുടെ യോഗത്തിലാണ് തീരുമാനം.

തൃത്താല ബ്ലോക്ക്പഞ്ചായത്ത് ഹാളിൽ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽനടന്ന ചർച്ചയുടെ ഫലമായാണ് കൂറ്റനാട് ബസ്‍സ്റ്റാൻഡ് പ്രവർത്തന സജ്ജമായത്. അറിയിപ്പ് കിട്ടാത്തതിനാൽ കൂടിയാലോചനായോഗത്തിൽ ബസ്സുടമകൾ പങ്കെടുത്തിരുന്നില്ല. പിന്നീട്, പഞ്ചായത്തധികൃതർ ബസ്സുടമകളുടെ പ്രത്യേകയോഗം വിളിച്ചുചേർക്കുകയും സ്റ്റാൻഡിന്റെ സുഗമമായ പ്രവർത്തനത്തിന് സഹകരണമറിയിക്കയുമുണ്ടായി. തുടർന്ന്, മോട്ടോർവാഹന വകുപ്പിന്റെയും പോലീസ് അധികാരികളുടെയും കാര്യക്ഷമമായ ഇടപെടൽമൂലമാണ് ഭൂരിഭാഗം ബസുകളും സ്റ്റാൻഡിലെത്താൻ തുടങ്ങിയത്

യാത്രക്കാരുടെ ആവശ്യങ്ങൾ, ബസുകൾക്ക് അകത്തേക്കും പുറത്തേക്കും പോക്കുവരവിനുള്ള വഴിസൗകര്യങ്ങൾ, ഇതരവാഹനങ്ങളുടെ അനധികൃത പാർക്കിങ്‌ തുടങ്ങിയ കാര്യങ്ങളിൽ പഞ്ചായത്ത് ഇടപെട്ട് ആവശ്യമായ പരിഹാരം കണ്ടെത്തണമെന്നും യോഗത്തിൽ ആവശ്യമുയർന്നു. ബസുകൾക്ക് ബീറ്റ്ബുക്ക് സമ്പ്രദായം ഏർപ്പെടുത്തണമെന്നും ആർ.ടി.ഒ. യോഗത്തിൽ നിർദേശിച്ചു.

യോഗതീരുമാനത്തിന് വിരുദ്ധമായി സർവീസ് നടത്തുന്ന ബസുകളുടെ പെർമിറ്റ് റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടി സ്വീകരിക്കുമെന്നും പട്ടാമ്പി ജോയന്റ് റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസർ അറിയിച്ചു.

Tags

Below Post Ad