പട്ടാമ്പി മേഖലയിൽ മൂന്നുമാസത്തിനിടെ പിടികൂടിയത് 59 ഗ്രാം എം.ഡി.എം.എ | KNews


പട്ടാമ്പി: തൃത്താല, പട്ടാമ്പി മേഖലയിൽ കഴിഞ്ഞ മൂന്നുമാസത്തിനിടെ എക്‌സൈസ് അധികൃതരുടെ നേതൃത്വത്തിൽ 59.835 ഗ്രാം എം.ഡി.എം.എ.യാണ് വിവിധയിടങ്ങളിൽ നിന്നായി പിടിച്ചെടുത്തത്. ഇതിൽ മാർച്ച് 28-ന് കൊപ്പത്തുനിന്നുമാത്രം 49 ഗ്രാമുമായി ഒരാൾ പിടിയിലായി.

ബെംഗളൂരുവിൽനിന്നുമെത്തിച്ച് കൊപ്പം, പുലാമന്തോൾ ഭാഗങ്ങളിൽ ചില്ലറവില്പന നടത്തുന്നതിനായാണ് ഇയാൾ മയക്കുമരുന്നെത്തിച്ചതെന്ന് എക്സൈസ് അധികൃതർ പറയുന്നു. ബെംഗളൂരുവിൽനിന്നും കൊച്ചിയിൽനിന്നും മയക്കുമരുന്ന് പട്ടാമ്പിയിലെത്തുന്നുണ്ട്.

ലക്ഷ്യം സ്‌കൂൾ-കോളേജ് വിദ്യാർഥികൾ

: സ്‌കൂൾ-കോളേജ് കുട്ടികളെ ലക്ഷ്യമിട്ടാണ് ഒരുവിഭാഗം ലഹരിമാഫിയ പ്രവർത്തിക്കുന്നത്. ആദ്യം പരീക്ഷിക്കാനായി ലഹരിനൽകും. പിന്നീട് ലഹരിക്കടിമയാവുന്നതോടെ സ്ഥിരം ഉപഭോക്താക്കളായി ഇവർ മാറും. 'പാർട്ടി ഡ്രഗ്' എന്ന പേരിലറിയപ്പെടുന്ന സിന്തറ്റിക് ഇനം മയക്കുമരുന്നായ എം.ഡി.എം.എ. ഡി.ജെ. പാർട്ടികളിലും മറ്റും സ്ഥിരസാന്നിധ്യമാണ്. ചില്ലറ വില്പന നടത്തുന്നവർ ഗ്രാമിന് 8,000രൂപ മുതൽ വാങ്ങിയാണ് ആവശ്യക്കാർക്ക് നൽകുന്നത്.

ട്രെയിനുകളിലും ബൈക്കുകളിലും കടത്ത്

: ബെംഗളൂരുവിൽനിന്ന് ട്രെയിൻമാർഗവും ബൈക്കുകൾവഴിയുമാണ് ലഹരി കടത്ത് വ്യാപകമായി നടക്കുന്നത്. ചെറിയ അളവിൽ കൊണ്ടുവരാമെന്നതും പെട്ടെന്ന് ശ്രദ്ധയിൽപ്പെടില്ല എന്നതും കടത്തുകാർക്ക് തുണയാവുന്നുണ്ട്. വലിയ സാമ്പത്തികനേട്ടം ഉണ്ടാകുമെന്നതിനാൽ വിദ്യാർഥികളടക്കം കടത്തുകാരായി മാറുന്നുണ്ടെന്ന് അധികൃതർ പറയുന്നു.

Tags

Below Post Ad