വ്യാജബിരുദത്തട്ടിപ്പ്: പട്ടാമ്പി സ്വദേശി അറസ്റ്റിൽ | KNews


 പട്ടാമ്പി: ഹ്രസ്വകാലയളവിൽ യു.ജി.സി., പി.എസ്.സി. അംഗീകൃതബിരുദം നേടാമെന്ന് പരസ്യം ചെയ്ത് തട്ടിപ്പ് നടത്തുന്ന സ്ഥാപനത്തിന്റെ നടത്തിപ്പുകാരനെ അറസ്റ്റുചെയ്തു.പട്ടാമ്പി  ശങ്കരമംഗലം നീലിപ്പറമ്പിൽ മിദ്‌ലാജിനെയാണ്‌ (29) പട്ടാമ്പി പോലീസ് പിടികൂടിയത്. 

അംഗീകാരമില്ലാത്ത ഇതരസംസ്ഥാന സർവകലാശാലകളുടെ ബിരുദസർട്ടിഫിക്കറ്റ് നൽകി തട്ടിപ്പ് നടത്തുന്ന പട്ടാമ്പി ആദംസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസിലാണ് പോലീസ് പരിശോധന നടത്തിയത്.

പട്ടാമ്പി പോലീസ് ഇൻസ്പെക്ടർ പ്രശാന്ത് ക്ലിന്റിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. കലിംഗ സർവകലാശാല, രബീന്ദ്രനാഥടാഗോർ സർവകലാശാല, ഐ.ഐ.ഇ. തുടങ്ങിയ യു.ജി.സി., പി.എസ്.സി. അംഗീകാരമില്ലാത്ത സർവകലാശാലകളുടെ സർട്ടിഫിക്കറ്റുകളും നിരവധി രേഖകളും പിടിച്ചെടുത്തു.

സാമൂഹികമാധ്യമങ്ങളിലൂടെ ഹ്രസ്വകാലയളവിൽ യു.ജി.സി., പി.എസ്.സി. അംഗീകാരമുള്ള ബിരുദം നേടാമെന്ന് പരസ്യം നൽകിയാണ് ആളുകളെ ആകർഷിക്കുന്നത്. വൻതുക ഫീസ് വാങ്ങിയാണ് ഈ സംഘം പ്രവർത്തിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. കബളിപ്പിക്കപ്പെട്ടവരുടെ പരാതിയുടെയും രഹസ്യ വിവരത്തിന്റെയും അടിസ്ഥാനത്തിലായിരുന്നു പോലീസ് നടപടി.

വരുംദിവസങ്ങളിൽ ഇത്തരത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശനനടപടികൾ സ്വീകരിക്കുമെന്നും സംഘത്തിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ടെന്നും പോലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എസ്.ഐ.മാരായ ടി. സനീഷ്, സി. ശ്രീകുമാർ, കെ.കെ. ശിവദാസ്, സി.പി.ഒ.മാരായ ഷമീർ, ആഗ്നസ്, സുനന്ദകുമാർ എന്നിവർ പരിശോധന നടത്തി.

Below Post Ad