ഷൊർണൂർ: നെഞ്ചിൽ പൊള്ളലേറ്റ് കരഞ്ഞപ്പോൾ കരുതലോടെ നെറുകയിൽ തലോടി ചികിത്സനൽകിയ കരുണയുള്ള മുഖമാണ് സഫ്വാനെന്ന എട്ടുവയസ്സുകാരന്റെ മനസ്സിലെ പോലീസ്.
തീവണ്ടിയാത്രയ്‌ക്കിടെ ചായവീണ് നെഞ്ചിൽ പൊള്ളലേറ്റ് കരഞ്ഞിരുന്ന കുട്ടിക്ക് ചികിത്സനൽകാനെടുത്തോടിയത് ഷൊർണൂരിലെ റെയിൽവേപോലീസാണ്.
യാത്രയ്ക്കിടെ പരിക്കേറ്റാൽ ഏറ്റവുമടുത്ത സ്റ്റേഷനിൽ ഡോക്ടറെ എത്തിച്ച് യാത്രക്കാരന് ചികിത്സനൽകാറാണ് പതിവ്. എന്നാൽ, തീവണ്ടിയെത്തിയിട്ടും ഡോക്ടറെത്താതിരുന്നതോടെയാണ് എട്ടുവയസ്സുകാരനുമായി പോലീസ് ഡോക്ടറെത്തേടി ഓടിയത്. പകുതിദൂരമെത്തിയപ്പോഴേക്കും ഡോക്ടറെത്തി ചികിത്സനൽകി. അപ്പോഴേക്കും ഇവരെത്തിയ തീവണ്ടി പോവുകയും ചെയ്തു.
കൊല്ലം സ്വദേശികളായ ദമ്പതിമാരും കുട്ടിയും യാത്രയ്‌ക്കിടെ ചായവാങ്ങി കുടിച്ചപ്പോഴാണ് ചൂടുചായവീണ് കുഞ്ഞിന് പൊള്ളലേറ്റത്. കോഴിക്കോട്ടുനിന്നും കൊല്ലത്തേക്ക് ജനശദാബ്ദിയിലെ യാത്രയ്‌ക്കിടെ തിരൂരിലായിരുന്നു സംഭവം.
അപകടവിവരം റെയിൽവേ കൺട്രോൾറൂമിലറിയിച്ചതിനെത്തുടർന്ന് റെയിൽവേ അധികൃതരും കുട്ടിക്ക് ചികിത്സ നൽകാനായി കാത്തിരുന്നു. ഇതോടൊപ്പം റെയിൽവേ പോലീസിനും വിവരംലഭിച്ചു.
തീവണ്ടി സ്റ്റേഷനിലെത്തിയപ്പോൾ പോലീസ് കംപാർട്ട്മെന്റിൽക്കയറി പരിശോധിച്ചപ്പോൾ സഫ്വാൻ വേദനകൊണ്ട് കരയുകയായിരുന്നു. ഉടനെ റെയിൽവേപോലീസ് വനിതാ സീനിയർ സിവിൽ പോലീസ് ഓഫീസർ സുഭദ്രയും പോലീസുകാരൻ അനീഷും ചേർന്ന് കുട്ടിയെ പുറത്തെത്തിച്ച് ചികിത്സനൽകാനായി കൊണ്ടുപോയി.
ചികിത്സലഭിച്ച് വേദന കുറഞ്ഞതോടെ സഫ്വാൻ ചിരിച്ചാണ് യാത്ര തുടർന്നതെന്ന് പോലീസുകാർ പറയുന്നു. ജനശതാബ്ദിയിലെ യാത്ര മുടങ്ങിയെങ്കിലും പിന്നീട് ഒറ്റപ്പാലത്തെത്തി പാലരുവി എക്സ്പ്രസിൽ ഇവർ കൊല്ലത്തേക്കുപോയി.