ആനക്കര: അപകടഭീഷണിയായ ഉണങ്ങിയമരം മുറിച്ചുനീക്കണമെന്ന ആവശ്യം ശക്തമാകുന്നു. തിരക്കേറിയ കൂടല്ലൂർ-കുമ്പിടി റോഡരികിലെ മരം മുറിച്ചുനീക്കണമെന്നാണ് ആവശ്യം.
വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും ഭീഷണിയായി ഈ മരം മാറിയിട്ട് നാളുകളേറെയായി. നിരവധി വാഹനങ്ങൾ ദിവസവും സർവീസ് നടത്തുന്ന റോഡിന്റെ അരികിലാണ് മരമുള്ളത്.
കൂടല്ലൂർ ഗവ. ഹൈസ്കൂളും ഇതിനുസമീപത്താണ് പ്രവർത്തിക്കുന്നത്. നിരവധി വിദ്യാർഥികൾ ഇതിലൂടെയാണ് സ്കൂളിലേക്ക് പോകുന്നതും തിരിച്ചുവരുന്നതും. ഇതിനുപുറമേ മരത്തിന് സമീപത്തുകൂടി വൈദ്യുതലൈനും കടന്നുപോകുന്നുണ്ട്. ദ്രവിച്ചു നിൽക്കുന്നതിനാൽ മരക്കൊമ്പുകൾ ഇടയ്ക്കിടെ പൊട്ടിവീഴുന്നുമുണ്ട്.
അപകടമുണ്ടായാൽ മാത്രമേ അധികൃതർ ഇങ്ങോട്ട് തിരിഞ്ഞുനോക്കൂ എന്നാണ് നാട്ടുകാരുടെ ആക്ഷേപം. മഴക്കാലമായതിനാൽ അപകടാവസ്ഥ ഏറുമെന്നതിനാൽ മരം മുറിച്ചുനീക്കാൻ ഉടൻ നടപടിവേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.