കൂറ്റനാട്: ചാലിശ്ശേരി, നാഗലശ്ശേരി, തിരുമിറ്റക്കോട് പഞ്ചായത്തുകളിൽ തെരുവുനായ്ക്കളുടെ ശല്യംമൂലം പ്രദേശവാസികൾക്ക് വീട്ടിൽനിന്ന് പുറത്തിറങ്ങിനടക്കാൻ ആവുന്നില്ല. കോഴികളെയും ആടുകളെയും വീടിനോടുചേർന്ന് വളർത്തിയിരുന്ന വീട്ടമ്മമാർ നായ്ക്കളെഭയന്ന് അത് ഉപേക്ഷിക്കുകയാണ്. വളർത്തുമൃഗങ്ങളെ പുറത്തിറക്കിയാൽ നായ്ക്കൾ കൂട്ടംചേർന്ന് കടിച്ചുകീറുന്ന സ്ഥിതിയാണുള്ളത്. ഗ്രാമങ്ങളിലെ വീട്ടമ്മമാരുടെ ചെറിയവരുമാനം ഇതോടെ ഇല്ലാതായിരിക്കയാണ്.
ചാലിശ്ശേരിയിൽ ഒരാഴ്ചക്കുള്ളിൽ നാലുപേരെയാണ് നായ്ക്കളുടെ കടിയേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുള്ളത്. പട്ടിശ്ശേരി ഭാഗത്ത് മൂന്നാംവാർഡിൽ രണ്ട് കുട്ടികളെയാണ് നായ്ക്കൾ കടിച്ചത്. പരിക്കുപറ്റിയ നടുവത്ത് ഷാഫിയുടെമകൾ റിസ്വാന (10), ശ്രീജയുടെ മകൾ തേജ (17) എന്നിവർ ചികിത്സയിലാണ്.
കഴിഞ്ഞദിവസം രാത്രിയിലാണ് ലത്തീഫിന്റെ മകൻ മുഹമ്മദ് സഹലിനെ തെരുവുനായ ആക്രമിച്ചത്.
നൂറുകണക്കിന് നായ്ക്കളാണ് ചാലിശ്ശേരിയിലും പെരിങ്ങോട്, കൂറ്റനാട്, മതുപ്പുള്ളി, എരിയേടം, പിലാക്കാട്ടിരി, ചാത്തനൂർ, കോതചിറ, തെക്കേകര, മൂളിപ്പറമ്പ് ഭാഗങ്ങളിൽ കൂട്ടമായി അലഞ്ഞുതിരിഞ്ഞ് നടക്കുന്നത്.
ചാത്തനൂരിലെ മീത്തിൽ മോഹൻദാസിന്റെ വീട്ടിൽ വളർത്തിയിരുന്ന 60 കോഴികളെയാണ് കൂട്ടമായി വന്ന് നായ്ക്കൾ എടുത്തുകൊണ്ടുപോയത്. ഇദ്ദേഹം അധികൃതർക്ക് പരാതി നൽകിയെങ്കിലും പ്രയോജനമൊന്നുമുണ്ടായില്ല. കോവിഡ് കാലത്ത് പല വീട്ടമ്മമാരും നാടൻകോഴികളെ ചെറിയ കൂടുനിർമിച്ച് വളർത്താൻ തുടങ്ങിയിരുന്നു.
നായ്ക്കൾ വീടിനുള്ളിലേക്ക് കയറി ആക്രമിക്കാൻ തുടങ്ങിയിട്ടുണ്ടെന്നാണ് ചാത്തനൂരിലെ എൻജിനിയർ പി.വി. മോഹനൻ ദാസ് പറയുന്നത്. നായ്ക്കളുടെ കടിയേൽക്കുമെന്നുഭയന്ന് ഒറ്റയ്ക്ക് പാടശേഖരത്തിലേക്ക് പോകാറില്ലെന്ന് പ്രദേശത്തെ കർഷകരും പറയുന്നു.