ഹോട്ടലുകളില്‍ കയറി ഭക്ഷണം കഴിച്ചശേഷം ഭക്ഷ്യവിഷബാധയുണ്ടായെന്ന് ആരോപിച്ച് പണം തട്ടുന്ന സംഘം വേങ്ങര പോലീസിന്റെ പിടിയിലായി. പൂച്ചോലമാട് പുതുപ്പറമ്പില്‍ ഇബ്രാഹിം (33), അബ്ദുറഹ്മാന്‍ (29), റുമീസ് (23), ഗാന്ധിക്കുന്ന് പൂച്ചോലമാട് മണ്ണില്‍ഹൗസിലെ സുധീഷ് (23), താട്ടയില്‍ നാസിം (21) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ ദിവസം വേങ്ങര അങ്ങാടിയിലെ കേക്ക് കഫേയില്‍നിന്ന് ബ്രോസ്റ്റഡ് ചിക്കനാണ് നാലംഗസംഘം കഴിച്ചത്. തുടര്‍ന്ന് അവസാന കഷണം ചൂണ്ടിക്കാട്ടി ഇതിന് പഴകിയ രുചിയുണ്ടെന്ന് സംഘം ആരോപിച്ചു. പിന്നാലെ ഉടമയുടെ നമ്പറുമായി ഹോട്ടലില്‍നിന്ന് മടങ്ങിയ സംഘം ഫോണിലൂടെയാണ് പരാതി നല്‍കാതിരിക്കാന്‍ നാല്‍പതിനായിരം രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയത്.
വിലപേശലിന് ശേഷം 25,000 രൂപ നല്‍കിയാല്‍ പരാതി നല്‍കില്ലെന്ന് ഹോട്ടല്‍ ഉടമയെ അറിയിച്ചു. സമൂഹമാധ്യമങ്ങളില്‍ ഹോട്ടലിനെതിരെ വ്യാജപ്രചാരണം നടത്തുമെന്നും സംഘം ഭീഷണി മുഴക്കി. ഈ കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.