തൃത്താല : ഒതളൂർ ഹരിത പാടശേഖരസമിതിയുടെ നടീൽ ഉത്സവം സ്പീക്കർ എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു. തരിശുരഹിത തൃത്താലയാണ് ലക്ഷ്യമെന്ന് ഹരിത പാടശേഖര സമിതിയുടെ കൃഷിയിടത്തിൽ നടീൽ നടത്തി സ്പീക്കർ എം.ബി രാജേഷ് പറഞ്ഞു.
ലക്ഷ്യo പൂർത്തിയാക്കുന്നതിന് കാർഷിക വിജ്ഞാന കേന്ദ്രം, കാർഷിക യൂണിവേഴ്സിറ്റി എന്നിവയോടൊപ്പം കർഷകരുടെ സഹകരണവും പ്രധാന്യമുള്ളതാണ്. ലോകവ്യാപകമായി ഭക്ഷ്യ പ്രതിസന്ധിയും വിലക്കയറ്റവും വ്യാപകമാകുന്ന സാഹചര്യത്തിൽ കൃഷിയുടെ പ്രാധാന്യം ലോകം തിരിച്ചറിയുകയാണ്. സമൂഹം കൃഷിയിലേക്ക് തിരിച്ചു വരികയാണെന്നും ഹരിത പാടശേഖര സമിതിയുടെ പ്രവർത്തനം സമൂഹത്തിന് മാതൃകയാണെന്നും അദ്ദേഹം കൂട്ടി ചേർത്തു.
ഒരു വർഷത്തിൽ രണ്ട് വിള നെല്ലും ഒരു വിള പയറുവർഗങ്ങളും മികച്ച രീതിയിൽ കൃഷി ചെയ്ത് നേട്ടമുണ്ടാക്കുന്ന പാടശേഖരസമിതിയാണ് ഹരിതം പാടശേഖരം. കോവിഡ് പ്രതിസന്ധിയെ തുടർന്ന് രണ്ടു വർഷമായി നിർത്തിവച്ചിരുന്ന നടീൽ ഉത്സവത്തിനാണ് വീണ്ടും തുടക്കമായത്. പരിപാടിയിൽ വാർഡ് അംഗം ഉവൈസ് കക്കട്ടിൽ അധ്യക്ഷത വഹിച്ചു.
പരിപാടിയുടെ ഭാഗമായി പാലക്കാട് കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കർഷകർക്ക് കമ്പോസ്റ്റ് നിർമ്മാണത്തിൽ പരിശീലനം നൽകി. കൃഷിവിജ്ഞാനകേന്ദ്രം മുൻനിര പ്രദർശനത്തിന്റെ ഭാഗമായി ടിഷ്യുകൾച്ചർ ഗ്രാൻഡ് നെയിൽ വാഴ തൈകൾ വിതരണം ചെയ്തു. കർഷകർക്ക് കമ്പോസ്റ്റ് നിർമ്മാണ യൂണിറ്റുകളുടെ വിതരണവും നടത്തി.
കൃഷി വിജ്ഞാന കേന്ദ്രം പ്രോഗ്രാം കോർഡിനേറ്റർ ഡോക്ടർ കെ.വി സുമിയ , അസിസ്റ്റൻറ് പ്രൊഫസർമാരായ ഡോക്ടർ കെ.ശ്രീലക്ഷ്മി, അരുൺ കുമാർ കെ.വി എന്നിവർ നേതൃത്വം നൽകി.
പാടശേഖര സമിതി പ്രസിഡന്റ് സുരേഷ് ബാബു, വൈസ് പ്രസിഡന്റ് സൈബു സദക്കത്തുള്ള, സെക്രട്ടറി പി.കെ അബ്ദുൽ മജീദ്, എ. വി മോഹനൻ എന്നിവർ സംസാരിച്ചു. നടീൽ ഉത്സവത്തിൽ കർഷകർ, നടീൽ തൊഴിലാളികൾ നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.