അവിശ്വാസമൊഴിയാതെ ചാലിശ്ശേരി | KNews

കൂറ്റനാട് : യു.ഡി.എഫും എൽ.ഡി.എഫും മാറിമാറി ഭരണം കൈയാളുന്ന ചാലിശ്ശേരി പഞ്ചായത്തിൽ യു.ഡി.എഫ്. അധികാരത്തിലെത്തുമ്പോൾ രണ്ടിലധികംതവണ അവിശ്വാസത്തെ നേരിട്ടിട്ടുണ്ട്. ഇതിനുമുമ്പ് 2000ത്തിൽ യു.ഡി.എഫ്. അധികാരത്തിലിരിക്കുമ്പോൾ അന്നത്തെ പ്രസിഡന്റ് റുഖിയാഹംസക്കെതിരേ എൽ.ഡി.എഫ്. കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ അനുകൂലിച്ച് ഒരു യു.ഡി.എഫ്. അംഗം കൂറുമാറി വോട്ടുചെയ്തതോടെ യു.ഡി.എഫ്. ഭരണസമിതിക്ക് രാജിവെക്കേണ്ടിവന്നു.

കോൺഗ്രസ്-ലീഗ് അധികാരത്തർക്കത്തെത്തുടർന്ന് 2020-ൽ എൽ.ഡി.എഫ്. കൊണ്ടുവന്ന അവിശ്വാസത്തെ ത്തുടർന്നും യു.ഡി.എഫിന് ഭരണം നഷ്ടപ്പെടുകയുണ്ടായി. ലീഗുകാരനായ ഫൈസൽ സ്വതന്ത്ര വേഷത്തിലാണ് പിന്നീട് പ്രസിഡന്റായത്.
ചാലിശ്ശേരി പഞ്ചായത്തിൽ യു.ഡി.എഫിൽ ലീഗിന് നിർണായക സ്വാധീനമുള്ള ചില മേഖലകളുണ്ട്. രണ്ടോ മൂന്നോ അംഗങ്ങൾ പഞ്ചായത്തിൽ ജയിച്ചുകയറാറുമുണ്ട്. ഇത്തവണ അവിശ്വാസപ്രമേയ നോട്ടീസ് നൽകുമ്പോൾ ലീഗ് സ്വതന്ത്രനെയാണ് സി.പി.എം. വരുതിയിലാക്കാൻ ശ്രമിച്ചിരുന്നത്. അവസാനസമയത്ത് മാത്രമാണ് ഈ അംഗത്തെ ലീഗിന്റെയും കോൺഗ്രസിന്റെയും തന്ത്രപരമായ ഇടപെടലിലൂടെ വോട്ടെടുപ്പിൽനിന്ന്‌ മാറ്റി നിർത്താനായത്.

തത്കാലം പ്രശ്നമൊഴിവാക്കാനായതിൽ ചാലിശ്ശേരി പഞ്ചായത്തിലെ യു.ഡി.എഫ്. നേതൃത്വത്തിന് വലിയ ആശ്വാസമുണ്ട്. ഇനി ആറുമാസംകൂടി കഴിഞ്ഞാൽ വീണ്ടും എൽ.ഡി.എഫ്. അവിശ്വാസം കൊണ്ടുവരുമെന്നുതന്നെയാണ് അറിയുന്നത്.
Tags

Below Post Ad