തൃത്താല: ഭാരതപ്പുഴയുടെ തീരമിടിയുമെന്ന വെള്ളിയാങ്കല്ലിലെ തീരദേശവാസികളുടെ ആശങ്കയ്‌ക്ക് താത്കാലിക ആശ്വാസം. സംരക്ഷണഭിത്തി തകർന്നഭാഗത്ത് താത്കാലിക ഭിത്തി നിർമാണം പൂർത്തീകരിച്ചു. വെള്ളിയാങ്കല്ല് തടയണയുടെ പാലത്തോടുചേർന്ന പ്രധാന സംരക്ഷണഭിത്തി പ്രളയത്തിലുണ്ടായ കുത്തൊഴുക്കിലും മറ്റുമായി തകർന്നുവീണിരുന്നു.
രണ്ടുവർഷംമുമ്പ് നിർമിച്ച താത്കാലിക സംരക്ഷണഭിത്തിയും മാസങ്ങൾക്കുമുമ്പ് പൂർണമായി തകർന്നു തുടർന്നാണ് നടപടിയുണ്ടായത്. ഇറിഗേഷൻ ഡിസൈൻ ആൻഡ് റിസർച്ച് ബോർഡ് ഉദ്യോഗസ്ഥരും ജലസേചനവകുപ്പധികൃതരും സ്ഥലം സന്ദർശിച്ചശേഷമാണ് പ്രവൃത്തി തുടങ്ങിയത്.
മണൽനിറച്ച ചാക്കുകൾ അടുക്കിവെച്ചാണ് ഭിത്തി കെട്ടിയുയർത്തിയിട്ടുള്ളത്. പാലത്തിനോടുചേർന്നുള്ള ഭാഗം മുതൽ യജ്ഞേശ്വരം ക്ഷേത്രക്കടവ് വരെയുള്ള ഭാഗത്ത് 38 മീറ്റർ നീളത്തിലാണ് താത്കാലിക സംരക്ഷണഭിത്തിയൊരുക്കിയിട്ടുള്ളത്. ജലവിഭവവകുപ്പിന്റെ ഫണ്ടിൽനിന്നും രണ്ടുലക്ഷംരൂപ ചെലവഴിച്ചാണ് നാലായിരത്തോളം മണൽച്ചാക്കുകൾ ഉപയോഗിച്ച് സംരക്ഷണഭിത്തി നിർമിച്ചത്.
വെള്ളിയാങ്കല്ല് റെഗുലേറ്ററിനെ ഉറപ്പിച്ച് നിർത്തിയിരുന്ന കോൺക്രീറ്റ് സംരക്ഷണഭിത്തി കാലപ്പഴക്കവും പ്രളയത്തിലെ കുത്തൊഴുക്കുംമൂലമാണ് താഴേക്ക് പതിച്ചത്. മഴ ശക്തമാവുന്നതോടെ കൂടുതൽ കരഭാഗങ്ങൾ പുഴയിലേക്ക് ഇടിഞ്ഞുവീഴുമെന്ന ആശങ്കയുമുണ്ടായിരുന്നു.
തുടർന്നാണ് താത്കാലിക സംരക്ഷണഭിത്തി നിർമിക്കാൻ തീരുമാനിച്ചത്. അതേസമയം, ഇടിഞ്ഞുവീണ കോൺക്രീറ്റ് സംരക്ഷണഭിത്തിക്ക് പകരം പുതിയത് അടിയന്തരമായി നിർമിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.