അച്ഛൻ മരിച്ചതറിഞ്ഞ് ബസിലിരുന്ന് പൊട്ടിക്കരഞ്ഞ യുവതിയെ വീട്ടിലെത്തിച്ച് സഹയാത്രികയായ അധ്യാപികയുടെ സ്നേഹതണൽ


 എടപ്പാൾ:അച്ഛൻ മരിച്ചതറിഞ്ഞ് ബസിലിരുന്നു കരയുകയായിരുന്ന യുവതിക്കാണ് ഒരു പരിചയവുമില്ലാതിരുന്നിട്ടും അധ്യാപികയായ യുവതി സ്നേഹത്തണൽ ഒരുക്കിയത്.


വളയംകുളം അസ്സബാഹ് കോളേജിലെ അധ്യാപിക അശ്വതിയാണ് നൂറിലേറെ കിലോമീറ്റർ സാന്ത്വനമായി സഞ്ചരിച്ച് യുവതിയെ സുരക്ഷിതയായി വീട്ടിലെത്തിച്ചത്.

കൊച്ചിയിൽനിന്ന് കോഴിക്കോട്ടേക്കുള്ള കെ.എസ്.ആർ.ടി.സി. ബസിൽ കഴിഞ്ഞദിവസമാണ് സംഭവം. ഒറ്റയ്ക്കിരുന്ന് വിതുമ്പുകയായിരുന്നു യുവതി. അധ്യാപികമാരായ അശ്വതിയും മജ്മയും ജോലിസ്ഥലത്തേക്കു പോകാൻ വ്യാഴാഴ്ച രാവിലെ ഗുരുവായൂരിൽനിന്ന് ഈ ബസിൽ കയറി. 

ഇടതുവശത്തെ സീറ്റിലിരുന്ന് അടക്കിപ്പിടിച്ച് കരയുന്ന യുവതിയെ കണ്ടെങ്കിലും ആദ്യം കാര്യമാക്കിയില്ല. പാതിമുറിഞ്ഞ ഫോൺ സംഭാഷണത്തിന് ഒടുവിൽ കരച്ചിൽ ഉയർന്നതോടെ ഇരുവരും യുവതിക്കരികിലെത്തി.

എറണാകുളത്തെ ഇൻഫോപാർക്കിലെ ജോലിക്കാരിയാണ് യുവതി. അച്ഛന്റെ രോഗവിവരമറിഞ്ഞ് നാട്ടിലേക്ക് പുറപ്പെട്ടതായിരുന്നു. ഇടയ്ക്കുവെച്ച് അച്ഛന്റെ മരണവാർത്തയറിഞ്ഞതോടെയാണ് കരച്ചിലുയർന്നത്. ദുഃഖത്തിൽ ഒപ്പം ചേർന്ന അധ്യാപികമാർ യുവതിയെ ആശ്വസിപ്പിച്ചു. എറണാകുളത്തുനിന്ന് കയറുമ്പോൾത്തന്നെ യുവതി അടക്കിപ്പിടിച്ച് വിതുമ്പുകയായിരുന്നുവെന്ന് ബസ് ജീവനക്കാരും പറഞ്ഞു. 

വളയംകുളത്ത് ബസ് എത്തിയെങ്കിലും അച്ഛൻ മരിച്ചതറിഞ്ഞ് തളർന്നുപോയ യുവതിയെ ഒറ്റയ്ക്ക് വിടാൻ അധ്യാപികമാരുടെ മനസ്സ് വിസമ്മതിച്ചു. ഇരുവരും ചേർന്ന് ആലോചിച്ചു. ഒരാൾ കൂടെപ്പോകാൻ തീരുമാനിച്ചു. മജ്മ ജോലിസ്ഥലത്ത് ഇറങ്ങി. അശ്വതി യുവതിക്കൊപ്പം കൂടി. 

ഒരിക്കലും കണ്ടിട്ടില്ലാത്ത, ഒരിക്കലും പോയിട്ടില്ലാത്ത യുവതിയുടെ നാട്ടിലേക്ക് സാന്ത്വനം പകർന്നൊരു യാത്ര. കോഴിക്കോട്ടെത്തി പയ്യോളിയിലേക്ക് മറ്റൊരു ബസിൽക്കയറി വീട്ടുകാരുടെ കരങ്ങളിൽ ആ യുവതിയെ സുരക്ഷിതമായി ഏൽപ്പിച്ചാണ് മടങ്ങിയത്. വൈകുന്നേരത്തോടെയാണ് നാട്ടിൽ തിരിച്ചെത്തിയത്. കനിവിന്റെ ഉറവ വറ്റാത്ത ഹൃദയത്തെ കോളേജും നാടും നമിച്ചു.

കോളേജിലെ ജോലിത്തിരക്കോ അവധിയുടെ കാര്യമോ വീട്ടുകാരുടെ സമ്മതമോ ഒന്നുംനോക്കാതെ ഒപ്പംപോയ അധ്യാപികയ്ക്ക് കണ്ടക്ടറും പിന്തുണയേകി. വളയംകുളം മുതൽ കോഴിക്കോടുവരെയുള്ള യാത്രയ്ക്ക് സഹായമേകിയാണ് കണ്ടക്ടറും തന്റെ മനുഷ്യത്വം തെളിയിച്ചത്.
Tags

Below Post Ad