ആർഎസ്എസ് വേദിയിൽ കോഴിക്കോട് മേയർ ബീന ഫിലിപ്പ് പങ്കെടുത്തത് വിവാദമായിരിക്കെ പരിഹാസവുമായി വി ടി ബൽറാം.
കോഴിക്കോട് പാർലമെന്റ് സീറ്റിലേക്കുള്ള സ്ഥാനാർത്ഥിയെ സിപിഐഎം ഇപ്പോഴേ പ്രഖ്യാപിക്കുകയാണോ എന്നായിരുന്നു ബൽറാം ഫേസ്ബുക്കിൽ കുറിച്ചത്. ബാലഗോകുലത്തിന്റെ മാതൃസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു മേയറിന്റെ വിവാദപ്രതികരണം.കേരളത്തിൽ ശിശുപരിപാലനം മോശമാണെന്നും ഉത്തരേന്ത്യക്കാരാണ് കുട്ടികളെ നന്നായി സ്‌നേഹിക്കുന്നതെന്നുമുള്ള കോഴിക്കോട് മേയറുടെ പരാമർശമാണ് വിവാദമായത്
ആർഎസ്എസ് വേദിയിൽ കോഴിക്കോട് മേയർ ബീന ഫിലിപ്പ് പങ്കെടുത്തതിൽ വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി. സിപിഐഎം ചിലവിൽ ആർഎസ്എസ് മേയറെ കിട്ടിയെന്ന് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ വിമർശിച്ചു. മേയർക്കെതിരെ സിപിഐഎം നടപടിയെടുക്കാൻ തയ്യാറാണോയെന്ന് പ്രവീൺകുമാർ ചോദിച്ചു.
ആർഎസ്എസ് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് കോഴിക്കോട് മേയർ ബീന ഫിലിപ്പിന് പിന്തുണയുമായി ബിജെപി രംഗത്തെത്തി. മേയർക്ക് ബിജെപി പൂർണപിന്തുണ നൽകുമെന്ന് ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡന്റ് വി.കെ.സജീവൻ പറഞ്ഞു.
എന്നാൽ വിമർശനത്തിന് വിശദീകരണവുമായി കോഴിക്കോട് മേയർ രംഗത്തെത്തി. വിവാദത്തിൽ ദുഃഖമുണ്ട്, മനസ്സിൽ വർഗീയതയില്ലെന്ന് മേയർ പറഞ്ഞു. പരിപാടിയിൽ പങ്കെടുക്കരുതെന്ന് പാർട്ടി നിർേദശിച്ചിട്ടില്ല.മേയറെന്ന നിലയ്ക്ക് സ്ത്രീകളുടെ കൂട്ടായ്മ ക്ഷണിച്ചപ്പോൾ പോയി. ശിശു പരിപാലനത്തെക്കുറിച്ചാണ് സംസാരിച്ചത്. വർഗീയതയെക്കുറിച്ചല്ല. ഇത്തരമൊരു പരിപാടിയിൽ പങ്കെടുക്കാൻ പാർട്ടിയുടെ അനുമതി വാങ്ങണമെന്ന് തോന്നിയില്ലെന്നും മേയർ കോഴിക്കോട്ട് പറഞ്ഞു.