തൃക്കളയൂർ വാലില്ലാപ്പുഴ ചീനത്തുംകണ്ടി മന്യ (22) മരിച്ച കേസിലാണ് നോർത്ത് കീഴുപറമ്പ് കൈതമണ്ണിൽ അശ്വിനെ അരീക്കോട് പൊലീസ് അറസ്റ്റു ചെയ്തത്. വിദേശത്തു നിന്നെത്തിയ പ്രതിയെ അരീക്കോട് ഇൻസ്പെക്ടർ എം.അബ്ബാസലിയുടെ നേതൃത്വത്തിലാണ് അറസ്റ്റു ചെയ്തത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് മന്യയും അശ്വിനും പ്രണയത്തിലായത്. ഇരുവരുടെയും വിവാഹ നിശ്ചയം 2021 സെപ്റ്റംബറിൽ ഇരു കുടുംബങ്ങളും ചേർന്നു നടത്തിയിരുന്നു. എന്നാൽ, വിവാഹ നിശ്ചയശേഷം ജോലിയാവശ്യാർഥം ഗൾഫിലേക്കു പോയ അശ്വിൻ ഫോണിൽ വഴക്കിട്ട് തെറ്റിപ്പിരിഞ്ഞു.
വിവാഹബന്ധത്തിൽനിന്ന് പിൻമാറുകയാണെന്ന് അശ്വിൻ അറിയിച്ചതോടെ മനംനൊന്ത് മന്യ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിക്കുകയായിരുന്നു. ആറുമാസം മുമ്പാണ് സംഭവം. അശ്വിൻ വീട്ടുകാരെ വിളിച്ചറിയിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മന്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
മന്യയുടെ കുടുംബത്തിന്റെ പരാതിയിൽ അരീക്കോട് പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്ത് അന്വേഷണം നടത്തിയാണ് അശ്വിനെ അറസ്റ്റ് ചെയ്തത്. മാനസിക പീഡനവും ആത്മഹത്യാ പ്രേരണ കുറ്റവുമാണ് ഇയാൾക്കെതിരെ ചുമത്തിയത്. ഫോൺ പരിശോധിച്ച പൊലീസ് ഇരുവരുടെയും ശബ്ദ സന്ദേശങ്ങളും മറ്റു വിവരങ്ങളും ശേഖരിച്ചിരുന്നു.