സെൽഫിയുമെടുക്കാം പൂക്കളവുമിടാം. വീട്ടുപറമ്പിൽ ചെണ്ടുമല്ലിക്കൃഷി ചെയ്ത് ചാലിശ്ശേരി സ്കൂളിലെ എട്ടാം ക്ലാസുകാരി

 


കൂറ്റനാട്: ഊട്ടിയിലെയും മറ്റും വലിയ ചെണ്ടുമല്ലി തോട്ടങ്ങളിൽപ്പോയി സെൽഫിയെടുത്ത് സാമൂഹികമാധ്യമങ്ങളിൽ ഇടുന്നവരെ കണ്ടപ്പോൾ ചാലിശ്ശേരി ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർഥിയായ എം.ആർ. ശിവയ്‌ക്കും ആഗ്രഹം. പൂക്കൾക്കിടയിൽനിന്ന് സെൽഫിയെടുക്കണം. എന്നാൽ, ഇതിനായി അത്രയുംദൂരം പോവാനൊന്നും ശിവ തയ്യാറായില്ല. സ്വന്തം വീട്ടുമുറ്റത്തുതന്നെ വലിയൊരു ചെണ്ടുമല്ലിത്തോട്ടമൊരുക്കി ഈ എട്ടാം ക്ലാസുകാരി.

വീടിന് തൊട്ടടുത്തുതന്നെ സ്ഥലം സജ്ജമാക്കി. 200-ലധികം തൈകൾ നട്ടുവളർത്തി. കുറച്ചെണ്ണം നശിച്ചുപോയെങ്കിലും ബാക്കിയുള്ളവ പൂവിട്ടപ്പോൾ ശിവയ്ക്കും കൂട്ടുകാർക്കും സന്തോഷം. വീട്ടുകാരും കൂട്ടുകാരുമൊത്ത് സെൽഫിയെടുത്ത് ആഘോഷിക്കയാണ് ഇപ്പോൾ ശിവ. കോക്കൂർ മീത്തുംപുറത്ത് മീരയുടെയും രമേഷിന്റെയും മകളാണ്.

അടുത്തതായി സൂര്യകാന്തിത്തോട്ടം ഒരുക്കണമെന്നാണ് ആഗ്രഹം. ഈ പൂക്കളുപയോഗിച്ച് ഓണത്തിന് സ്‌കൂളിലും വീട്ടിലും വലിയ പൂക്കളംതീർക്കാനുള്ള ഒരുക്കത്തിലാണ് ശിവ.

Tags

Below Post Ad