കൂറ്റനാട്: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികവുമായി ബന്ധപ്പെട്ട് തൃത്താല ഗവ. കോളേജിൽ വിദ്യാഭ്യാസവകുപ്പും നാഷണൽ സർവീസ് സ്‌കീമുമായി ചേർന്ന് ‘ഫ്രീഡം വാൾ’ പദ്ധതി നടപ്പാക്കുന്നു.
തൃത്താല കോളേജിന്റെ പുതിയ കെട്ടിടത്തിന്റെ ചുമരുകളിൽ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട 650 ചതുരശ്രയടി വിസ്തീർണത്തിലാണ് ചിത്രങ്ങൾ വരയ്ക്കുന്നത്.
കോളേജ് പ്രിൻസിപ്പൽ ഡോ. എ. ജയകൃഷ്ണൻ വരകളുടെ ഉദ്ഘാടനം നിർവഹിച്ചു. 20 കുട്ടികളുടെ സംഘമാണ് ചിത്രം വരയ്ക്കുക. വിവിധ വകുപ്പുകളുടെ മേധാവികളായ എൻ. രമേശ്, പി. രേഖ, യു.ജി. അനുലക്ഷ്മി, സവിതാ റാണി എന്നിവർ നേതൃത്വം നൽകും.
16 മണിക്കൂറിൽ ചിത്രം പൂർത്തിയാക്കാൻ കഴിയുമെന്ന് എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസറായ കെ.പി. ഐശ്വര്യ അറിയിച്ചു.