സ്പീക്കർ എം.ബി രാജേഷ് വിദ്യാഭ്യാസ മന്ത്രി; തലസ്ഥാനത്ത് അഭ്യൂഹങ്ങള്‍ ശക്തം



തിരുവനന്തപുരം: അനാരോഗ്യത്തെ തുടര്‍ന്ന് കോടിയേരി ബാലകൃഷ്ണന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് മാറുന്നതിനോടൊപ്പം മന്ത്രിസഭയിലും മാറ്റങ്ങള്‍ വന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തം.

 ആരോഗ്യമന്ത്രി വീണ ജോര്‍ജിനെ സ്പീക്കറാക്കും. നിലവില്‍ സ്പീക്കറായ എംബി രാജേഷിനെ വിദ്യാഭ്യാസ മന്ത്രിയാക്കാനാണ് ആലോചനകളെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇപ്പോള്‍ വിദ്യാഭ്യാസ മന്ത്രിയായ വി ശിവന്‍കുട്ടിയെ സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് നിയോഗിക്കും.സെക്രട്ടറിയായിരുന്ന ആനാവൂര്‍ നാഗപ്പന്‍ സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് വന്നതിനെ തുടര്‍ന്ന് ഏറെ നാളുകളായി ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് പുതിയ നേതാവിനെ സിപിഐഎം അന്വേഷിക്കുകയായിരുന്നു.

ഒന്നാം പിണറായി സര്‍ക്കാരിലെ ആരോഗ്യമന്ത്രിയായിരുന്ന കെകെ ശൈലജയെ മന്ത്രിസഭയിലേക്ക് തിരികെ കൊണ്ടുവന്നേക്കും. വീണ ജോര്‍ജ് ഒഴിയുന്ന മന്ത്രിസ്ഥാനത്തേക്ക് ശൈലജയെ നിയോഗിക്കാനാണ് സാധ്യത.

സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് എംവി ഗോവിന്ദന്‍ ഒഴിയുമ്പോള്‍ നിലവിലെ മന്ത്രിസ്ഥാനം ഒഴിയും. ഈ മന്ത്രി സ്ഥാനം ആര്‍ക്ക് നല്‍കുമെന്നതില്‍ നിലവില്‍ തീരുമാനമായില്ല. ഭരണഘടന വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ മന്ത്രി സ്ഥാനം രാജിവെക്കേണ്ടി വന്ന സജി ചെറിയാന് പകരം മന്ത്രിയെ നിയോഗിച്ചിട്ടില്ല.

 ആലപ്പുഴ ജില്ലയില്‍ നിന്ന് നിലവില്‍ മന്ത്രിമാരില്ല. വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരം ഉള്‍പ്പെടെ നടക്കുന്നതിനാല്‍ തീരദേശവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഒരു നേതാവിനെ മന്ത്രിയാക്കാനും സാധ്യതയേറെയാണ്.


Below Post Ad