തൃത്താല : കക്കാട്ടിരി മേഖലയിൽ തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമായതോടെ നാട്ടുകാരും വിദ്യാർത്ഥികളും ഏറെ ഭയാശങ്കയിലാണ് .കക്കാട്ടിരി മല റോഡ് മുതൽ വട്ടത്താണി വരെയുള്ള ഭാഗങ്ങളിലായി നൂറ് കണക്കിന് നായ്ക്കളാണ് പൊതുജനങ്ങൾക്ക് ഭീഷണിയായി കൂട്ടം കൂട്ടമായി അലഞ്ഞു നടക്കുന്നത് .
അതി രാവിലെ മദ്രസയിലേക്ക് പോകുന്ന വിദ്യാർത്ഥികൾക്കും പ്രഭാത ' സവാരിക്കിറങ്ങുന്നവർക്കും ഇരുചക്രവാഹന യാത്രക്കാർക്കും തെരുവ് നായ്ക്കൾ വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത് . മഴക്കാലമായതോടെ കക്കാട്ടിരി സ്കൂൾ ഗ്രൗണ്ടിലും ക്ലാസ് മുറികളുടെ വരാന്തകളിലും തെരുവ് നായ്ക്കൾ ഇടം പിടിച്ചിരിക്കുകയാണ് .
രണ്ട് മാസം മുമ്പ് രണ്ട് വിദ്യാർത്ഥികളെ തെരുവ്നായ്ക്കൾ വളയുകയും വിദ്യാർത്ഥികളുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരുടെ സമയോചിതമായ ഇടപെടൽ മൂലം പരിക്കുകൾ കൂടാതെ രക്ഷപ്പെടുകയായിരുന്നു .
നായ്ക്കൾ ഇരുചക്രവാഹനങ്ങളുടെ പിറകെ ഓടുന്നത് മൂലം ഒട്ടനവധി അപകടങ്ങളാണ് നടക്കുന്നത്. ആട് കോഴി തുടങ്ങിയ വളർത്ത് മൃഗങ്ങൾക്കും തെരുവ് നായ്ക്കൾ വലിയ പ്രയാസം സൃഷ്ടിക്കുന്നുണ്ട് .
അക്രമ സ്വഭാവമുള്ള തെരുവ് നായ്ക്കളുടെ ശല്യത്തിൽ നിന്ന് രക്ഷനേടാൻ എന്ത് മാർഗം സ്വീകരിക്കണമെന്ന് അറിയാതെ ഉഴലുകയാണ് നാട്ടുകാർ .
Report : പാദുക നൗഷാദ്