തിരുമിറ്റക്കോട്: തിരുമിറ്റക്കോട് പെരിങ്കന്നൂർ സുലൈമാൻപടിയിൽ യാത്രക്കാരുമായി വന്ന സ്വകാര്യബസ് വൈദ്യുതത്തൂണിലിടിച്ച് അപകടം. അപകടത്തിൽ 15 പേർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. ഇടിയുടെ ആഘാതത്തിൽ വൈദ്യുതത്തൂണും കമ്പികളും ബസിന് മുകളിലേക്കും റോഡിലേക്കുമായി മറിഞ്ഞുവീണു.
അപകടസ്ഥലത്തിന് സമീപത്തായി ജോലിചെയ്തിരുന്ന വൈദ്യുതിബോർഡ് ജീവനക്കാർ സംഭവസ്ഥലത്തെത്തി വൈദ്യുതിബന്ധം വിച്ഛേദിച്ചതിനാൽ വലിയ അപകടമൊഴിവായി.
മതുപ്പുള്ളി സ്വദേശി ഹസീന (35), മകൾ റിഫ (7), പെരിങ്കന്നൂർ സ്വദേശി അയ്യപ്പൻകാട്ടിൽ മുഹമ്മദ് (64), രായമംഗലം സ്വദേശി യശോദ (70), നളിനി കാഞ്ഞുള്ളി, ചെട്ടിപ്പടി രമണി (45), ഫാത്തിമ (53), പുഷ്പലത പെരിങ്ങോട് (45) തുടങ്ങിയവരാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. മറ്റുള്ളവർ പ്രാഥമികചികിത്സയ്ക്കുശേഷം ആശുപത്രി വിട്ടു.
ചൊവ്വാഴ്ച രാവിലെ 10 മണിക്കായിരുന്നു അപകടം. കറുകപുത്തൂരിൽനിന്ന് പട്ടാമ്പിയിലേക്ക് പോയ സ്വകാര്യബസ് എതിർഭാഗത്തുനിന്ന് വന്ന ഓട്ടോറിക്ഷയ്ക്ക് വഴിമാറി കൊടുക്കുന്നതിനിടയിൽ വൈദ്യുതത്തൂണിൽ ഇടിക്കുകയായിരുന്നു.
ബസിലുണ്ടായിരുന്നവരുടെ കൂട്ടക്കരച്ചിൽ കേട്ട് സമീപവീട്ടുകാർ ഓടിയെത്തിയെങ്കിലും വൈദ്യുതക്കമ്പികൾ റോഡിന് കുറുകെയും ബസിന് മുകളിലേക്കുമായി മറിഞ്ഞുകിടന്നതിനാൽ ആർക്കും ബസിലുള്ളവരെ രക്ഷിക്കാൻ പറ്റാത്ത സ്ഥിതിയുണ്ടായി.
കറുകപുത്തൂർ പ്രാഥമികാരോഗ്യകേന്ദ്രം, പട്ടാമ്പിയിലെ വിവിധ ആശുപത്രികൾ എന്നിവിടങ്ങളിലാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചത്.
പെരിങ്ങോട് കെ.എസ്.ഇ.ബി. ഓഫീസിലെ ജീവനക്കാരായ മോഹനൻ, രാഹുൽ എന്നിവരാണ് സ്ഥലത്തെത്തി വൈദ്യുതിബന്ധം വിച്ഛേദിച്ചത്. പഞ്ചായത്ത് വൈസ്‌പ്രസിഡന്റ് മനോമോഹനൻ, അംഗം ഷംസുദ്ദീൻ, റസാഖ് എന്നിവർ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. കെ.എസ്.ഇ.ബി. എൻജിനിയർ ബിജു, ഓവർസിയർ നാസർ എന്നിവർ സ്ഥലം സന്ദർശിച്ചു.
സംഭവം തിരുമിറ്റക്കോട് പെരിങ്കന്നൂർ സുലൈമാൻപടിയിൽ വൈദ്യുതിബന്ധം വിച്ഛേദിച്ചതിനാൽ അപകടമൊഴിവായി