അധ്യാപക ദിനത്തിൽ തൃത്താല ഹൈസ്കൂളിലെ ഫൗസിയ ടീച്ചറെക്കുറിച്ച് പൂർവ്വ വിദ്യാർത്ഥിയുടെ ഹൃദയസ്പർശിയായ കുറിപ്പ്:
ഫൗസിയ ടീച്ചർ ഇല്ലായിരുന്നെങ്കിൽ ഇന്നുള്ള ഞാൻ ഉണ്ടാവുമോ എന്ന് പോലും എനിക്ക് അറിയില്ല. പഠിക്കാൻ ഒട്ടും മിടുക്കില്ലാത്ത ഒരു ടീച്ചേഴ്സിന്റെയും ഗുഡ് ബുക്കിൽ കയറാത്ത ഒരു കൂലിപ്പണിക്കാരന്റെ മോൾ ഇന്ന് തരക്കേടില്ലാത്ത ഒരു ജോലിയിൽ എത്തിയിട്ടുണ്ടെങ്കിൽ അതിന് തൃത്താല സ്കൂളും എന്റെ എന്ന് ഞാൻ ഉറപ്പിച്ചു പറയുന്ന ഫൗസിയ ടിച്ചർക്കും വലിയൊരു പങ്കുണ്ട്. അക്കാദമിക് കാര്യങ്ങളിൽ അന്നും ഇന്നും മിടുക്കി അല്ലെങ്കിലും പി.ജി വരെ പഠിച്ച് കഴിഞ്ഞ ഏഴു വർഷമായി സിനിമ ജേർണലിസ്റ്റായി ജോലിയിൽ തുടരുന്നു എന്നത് തന്നെയാണ് എനിക്ക് എന്നോട് തന്നെ അഭിമാനം തോന്നുന്ന ഒരു കാര്യം.
സൗന്ദര്യം ഉള്ളവർ, അച്ഛനും അമ്മയും ജോലി ഉള്ളവർ, ജാതിയിൽ ഉയർന്ന ഒരാൾ.. ഇങ്ങനെയൊക്കെ ഉണ്ടെങ്കിലേ ടിച്ചർമാർക്ക് പോലും നമ്മളെ ഇഷ്ടപ്പെടൂ എന്ന എന്റെ ചിന്താഗതിയെ ആണ് പുഞ്ചിരിയോട് മാത്രം വന്ന ഫൗസിയ ടീച്ചർ ബ്രേക്ക് ചെയ്തത്. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് ടീച്ചർ ഞങ്ങളുടെ ക്ലാസ്സ് ടീച്ചർ ആവുന്നത്. മൂന്ന് വർഷം അത് തുടർന്നു. പഠിക്കാൻ മോശമായ എന്നെ പോലുള്ള എല്ലാവരെയും ടീച്ചർ ചേർത്ത് നിർത്തുന്നത് ഞാൻ കണ്ടിട്ടുണ്ട്. അത് എന്നെ പോലുള്ളവരിൽ ഉണ്ടാക്കി തന്ന ആത്മവിശ്വാസമാണ് ഇന്നും ജീവിതത്തിൽ കൂട്ടായി നിൽക്കുന്നത്.
ഞാൻ എവിടെ നിന്നു വരുന്നുവെന്നും ചേർത്ത് നിർത്തിയില്ലെങ്കിൽ ഞങ്ങൾ ഒന്നുമല്ലാതായി പോവുമെന്നും അന്നേ ഒരുപക്ഷേ ടീച്ചർ മനസിലാക്കിയിട്ടുണ്ടാവാം. സാധാരണക്കാരുടെ മക്കൾ കൂടുതൽ പഠിച്ച ആ സ്കൂളിൽ എത്ര കുട്ടികളുടെ ഇന്നത്തെ ഭാവിയ്ക്ക് ഫൗസിയ ടീച്ചർ കാരണമായിട്ടുണ്ടാവാം
ടീച്ചർ ഉണ്ടായിരുന്ന ഓരോ ദിവസവും എനിക്ക് ഒരു സാധാരണ ദിവസമായിരുന്നില്ല. എന്നും എപ്പോഴും ആ ചിരിയും ചേർത്തു പിടിക്കലും അനുഭവിക്കാൻ വേണ്ടി,ബുദ്ധിമുട്ടായിട്ട് കൂടി പലതും പഠിക്കാൻ ശ്രമിച്ച ദിവസങ്ങളായിരുന്നു അത്.
ക്ലാസ്സ് ടെസ്റ്റിൽ അമ്പതിൽ നാൽപതിന് മുകളിൽ മാർക്ക് വാങ്ങുന്നവർക്ക് ടീച്ചർ സമ്മാനം തരാമെന്ന് പറഞ്ഞതിന് ആദ്യമായി ഞാൻ ഉറക്കം കളഞ്ഞു പഠിച്ചു. പേപ്പർ കിട്ടിയപ്പോൾ എനിക്ക് നാൽപത്തി രണ്ട് മാർക്ക്. അന്ന് എനിക്ക് ഉണ്ടായ സന്തോഷം മറ്റൊരു വിജയത്തിനും തരാൻ കഴിഞ്ഞിട്ടില്ല. ടീച്ചറും അത് ആഗ്രഹിച്ചിരുന്നുവെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അന്ന് ആദ്യമായി നീല നിറത്തിലുള്ള ലക്സി പെൻ ടീച്ചർ എനിക്ക് തന്നപ്പോൾ ഉണ്ടായ അഭിമാനം അത് വാക്കുകൾ കൊണ്ട് പോലും എനിക്ക് പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. എനിക്ക് ആദ്യവും അവസാനമായും കിട്ടിയ ഒരു അംഗീകാരം അത് തന്നെയാണ്.
ചില ദിവസങ്ങളിൽ ടീച്ചർ വീട്ടിലേക്ക് വിളിക്കുമായിരുന്നു. എന്തെങ്കിലും ആവശ്യങ്ങൾക്കായിരിക്കും. പക്ഷേ ടീച്ചർ എന്തിനായിരുന്നു എന്നെ വിളിച്ചിരുന്നത് എന്നനിക്ക് ഇന്നും അറിയില്ല. അന്നെല്ലാം വിഭവ സമൃദ്ധമായി ഒരു ഊണ് കഴിക്കണെങ്കിൽ എന്തെങ്കിലും വിശേഷം വരണം അല്ലെങ്കിൽ നാട്ടിൽ എവിടെങ്കിലും കല്യാണം വരണം. ഫുഡ് എല്ലാം അന്നും ടേസ്റ്റിൽ കഴിക്കാൻ ഇഷ്ടപ്പെടുന്ന എനിക്ക് ടീച്ചർ തന്ന ഓരോ ഉച്ചയൂണും സ്പെഷ്യലായിരുന്നു. നല്ല അവിയലും ഉപ്പേരിയും പപ്പടവുമെല്ലാം കൂട്ടിയുള്ള ഊണ്. ടീച്ചർക്ക് ഇപ്പോൾ അതെല്ലാം ഓർമ്മ ഉണ്ടോയെന്നു പോലും അറിയില്ല. അവിടുന്ന് ടീച്ചർക്ക് ഞങ്ങൾക്ക് തന്ന ഓരോ ഊണും സാധാരണമായി ചെയ്യുന്ന പോലെ തോന്നിയിട്ടുണ്ടാവും,പക്ഷേ എനിക്ക് അത് അങ്ങനെ ആയിരുന്നില്ല. അന്ന് കൊതിച്ച വിശന്ന എന്റെ ആ കുഞ്ഞു വയറും ഒപ്പം മനസും നിറയ്ക്കുന്നതായിരുന്നു ആ ഓരോ ഊണുകളും. ഊണ് കഴിഞ്ഞ് പോവാൻ നേരം ടീച്ചർ അവിടെ നിൽക്ക് എന്ന് പറഞ്ഞ് കൈ നിറയെ എക്ലയേഴ്സ് മിഠായി ഫ്രിഡ്ജിൽ നിന്ന് എടുത്തു തരും.
ഇന്ന് ജോലിയായി സ്വന്തം കാലിൽ നിന്ന് എനിക്ക് ഇഷ്ടമുള്ള മിഠായികളെല്ലാം തിന്നുമ്പോഴും അന്ന് ടീച്ചറുടെ വീട്ടിൽ നിന്ന് എടുത്തു തന്നിരുന്ന മിഠായി ടേസ്റ്റ് പിന്നെ ഒന്നിനും കിട്ടിയിട്ടില്ല..
അതുപോലെ ആദ്യമായി ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ ഇലക്ഷന് നിന്നതും ടീച്ചർ നൽകിയ ധൈര്യമായിരുന്നു. അന്ന് ആ ഇലക്ഷന് തോറ്റ് എല്ലാവരുടെയും കളിയാക്കൽ കേട്ട് നിൽക്കേണ്ടി വന്ന എന്നെ അന്ന് ടീച്ചർ ചേർത്ത് പിടിച്ചു 'അത് പോട്ടെ സാരല്ല' എന്ന ആ വാക്കുകൾക്ക് ജീവിതത്തിൽ ഉണ്ടാകാൻ പോകുന്ന ഓരോ പ്രതിസന്ധികളും മറികടക്കാൻ പോന്ന ധൈര്യം ഉണ്ടെന്ന് ഇന്ന് ഞാൻ തിരിച്ചറിയുന്നു..
പ്രിയപ്പെട്ട ടീച്ചർ... ഒരുപാട് പേർക്ക് ഇതേപോലെ ടീച്ചറെ കുറിച്ച് പറയണയുണ്ടാവും നൂറു നൂറു കഥകൾ... എങ്കിലും എന്റെ ഈ ചെറിയ ജീവിതത്തിൽ ടീച്ചർ സ്വാധീനിച്ചത്രേം ഒരു ടീച്ചറും സ്വധിനിച്ചിട്ടില്ല....
ബിന്ദു പാലക്കപ്പറമ്പിൽ